“മുടി നീട്ടി, നിറം കൊടുത്തു, സ്വതന്ത്രമായി ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും ഇടപെട്ടു എന്നുമാരോപിച്ചുകൊണ്ടാണ് പത്തൊമ്പതുകാരനായ വിനായകന്‍ എന്ന ദളിത്‌ യുവാവിനെ തൃശൂര്‍ പാറവട്ടി പൊലീസ് പിടിച്ചുകൊണ്ടുപോവുന്നതും ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതും. നാട്ടിലും വീട്ടിലും അപമാനിതനായ വിനായകന്‍ തൊട്ടടുത്തദിവസംതന്നെ ആത്മഹത്യ ചെയ്യുകയുമുണ്ടായി.”  ഇത്തരത്തില്‍ പൊതുബോധങ്ങളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കേണ്ടവരല്ല പൊലീസ് എന്നാണ് തൃശൂരില്‍ നിന്നുമുള്ള മലയാളം റെഗ്ഗെ ബാന്‍ഡായ ‘ഊരാളി’ക്ക് പറയാനുള്ളത്.

ഫ്രീക്കന്മാരെ മാത്രമല്ല, വ്യത്യസ്തമായി വസ്ത്രം ധരിക്കുന്ന സ്ത്രീകളും ട്രാന്‍സ്ജെന്‍ഡര്‍സും ഇത്തരത്തില്‍ കേരളാപൊലീസില്‍ നിന്നും പലതരത്തിലുള്ള അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് ഊരാളി ചൂണ്ടിക്കാണിക്കുന്നത്. ഇത്തരത്തില്‍ പോതുബോധങ്ങളില്‍ നിന്നുകൊണ്ട് അധികനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന പൊലീസ് രീതികളെ സംഗീതം കൊണ്ടുതന്നെ പ്രതിരോധിക്കാനാണ് ഊരാളിയുടെ തീരുമാനം. ജൂലൈ 29നു വൈകീട്ട് മൂന്നുമണിക്ക് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ‘ഫ്രീക്ക് സാറ്റര്‍ഡേ’ പ്രഖ്യാപിച്ചിരിക്കുകയാണ് ഊരാളി. ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയില്‍ കലാസ്നേഹികളെ തേക്കിന്‍കാട്‌ മൈതാനിയിലേക്ക് സ്വാഗതം ചെയ്യുകയാണ് ഊരാളി.. പാട്ടുപാടാനും പങ്കുവയ്ക്കാനും തയ്യാറായവരെ ഊരാളി സ്വാഗതം ചെയ്യുന്നു..

സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങളില്‍ പാട്ടും പറച്ചിലുമായി ഇടപെടലുകള്‍ നടത്തിയിട്ടുള്ള ഊരാളി മുന്‍പും ഇതേ രീതിയിലുള്ള പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. തെകിന്‍കാട് മൈതാനത്തില്‍ സദാചാരപൊലീസിങ് നടന്നപ്പോള്‍ അതിനെതിരെ ഊരാളി നടത്തിയ പുഞ്ചിരിയുത്സവം ശ്രദ്ധേയമായിരുന്നു. രോഹിത് വെമുലയുടെ ആത്മഹത്യ, നോട്ടുനിരോധനം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ഊരാളി ഇത്തരത്തില്‍ പാട്ടും പറച്ചിലുമായി തെരുവുകള്‍ കയ്യേറിയിട്ടുണ്ട്.

Read More : സദാചാരഗുണ്ടായിസം എന്ന ലൈംഗിക ദാരിദ്ര്യം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ