സൽമാൻ ഖാൻ നായകനായെത്തുന്ന ട്യൂബ്ലൈറ്റിന്റെ ആദ്യ ഗാനമെത്തി. ചിത്രത്തിലെ റേഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. പാട്ടിൽ രസകരമായി നൃത്ത ചുവടുകളുമായി നിറഞ്ഞ് നിൽക്കുന്നത് സൽമാൻ ഖാനാണ്. ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യയാണ്. സംഗീതം നൽകിയിരിക്കുന്നത് പ്രീതം ആണ്.

1962ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ട്യൂബ് ലൈറ്റ് ഒരുങ്ങുന്നത്. കബീർ ഖാനാണ് ട്യൂബ്‌ലൈറ്റ് സംവിധാനം ചെയ്യുന്നത്. തീരുന്നില്ല ട്യൂബ്‌ലൈറ്റിന്റെ വിശേഷങ്ങൾ. ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാനും ട്യൂബ്‌ലൈറ്റിൽ എത്തുന്നുണ്ടെന്നത് പ്രേക്ഷരുടെ പ്രതീക്ഷ ഉയർത്തുന്നതാണ്. തൊണ്ണൂറുകൾക്ക് ശേഷം രണ്ട് ഖാൻമാരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ട്യൂബ്‌ലൈറ്റ്. തന്റെ ട്വിറ്റർ പേജിലൂടെ സംവിധായകൻ കബീർ ഖാൻ തന്നെയാണ് ഷാരൂഖ് ട്യൂബ്‌ ലൈറ്റിലെത്തുന്നുണ്ടെന്ന കാര്യം പങ്ക്‌വച്ചത്.

ബോളിവുഡ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ഈ സൽമാൻ ചിത്രം. സൂപ്പർ ഹിറ്റായ ബജ്റംഗി ബായ്ജന്റെ സംവിധായകനായിരുന്നു കബീർ ഖാൻ. ഈ ഹിറ്റിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമുയരുകയാ​ണ്. യുദ്ധ പശ്ചാത്തലത്തലൊരുങ്ങുന്ന ചിത്രമാണ് ട്യൂബ് ലൈറ്റ്. ചൈനക്കാരിയായ സു സുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ