തല അജിത്ത് നായകനായെത്തുന്ന വിവേഗത്തിന്റെ ടീസറെത്തി. നല്ല സ്റ്റൈലിഷ് ലുക്കിൽ കൈയ്യിൽ തോക്കുമേന്തി ആക്ഷൻ രംഗങ്ങളുമായി ടീസറിൽ നിറഞ്ഞ് നിൽക്കുന്നത് അജിത്താണ്. ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർത്തുന്നതാണ് ടീസർ. ഒരു സ്‌പൈ ത്രില്ലറാണ് വിവേഗം. ശിവയാണ് വിവേഗം സംവിധാനം ചെയ്യുന്നത്.

അജിത്തിന്റെ 57-ാം ചിത്രമാണ് വിവേഗം. തല 57 എന്നാണ് ചിത്രം ആദ്യം പരക്കെ അറിയപ്പെട്ടിരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൻ തരംഗമാണുണ്ടാക്കിയത്. അജിത്തിന്റെ മാസ് ലുക്കായിരുന്നു ആദ്യമിറങ്ങിയ പോസ്റ്ററിന്റെ പ്രത്യേകത. ചിത്രത്തിന്റെ വേറെയും പോസ്റ്ററുകൾ നേരത്തെ പുറത്തിറക്കിയിരുന്നു.

ഒരു ഇന്റർപോൾ ഓഫീസറായാണ് അജിത്ത് വിവേഗത്തിലെത്തുന്നത്. യൂറോപ്പിലാണ് ചിത്രത്തിന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത്. അജിത്തിനെ കൂടാതെ കാജൽ അഗർവാൾ, അക്ഷര ഹാസൻ, വിവേക് ഒബ്‌റോയ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. വിവേഗത്തിൽ അജിത്തിന്റെ കഥാപാത്രത്തിന് ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലൻ കഥാപാത്രമാണ് വിവേക് ഒബ്‌റോയിയുടേത്. വിവേക് അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രമാണ് വിവേഗം.

സത്യ ജ്യോതി ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധാണ്. വെട്രിയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റിൽ ചിത്രം തിയേറ്ററിലെത്തിയേക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ