മലയാളികളുടെ പ്രിയ താരം രമേഷ് പിഷാരടി അഭിനയിക്കുന്ന ആദ്യത്തെ സംഗീത വിഡിയോ പുറത്തിറങ്ങി. ശ്രീമാൻ ബ്രോ എന്നാണ് വിഡിയോയുടെ പേര്. കോമഡിയ്‌ക്ക് പ്രാധാന്യം നൽകിയുളളതാണ് പാട്ടും പാട്ടിലെ രംഗങ്ങളും. “കാലമങ്ങനെ കിടക്കണല്ലോ കടല് മാതിരി…ചുമ്മാ നീന്ത് ബ്രോ” എന്ന് തുടങ്ങുന്നതാണ് ഗാനം.

വെളള നിറത്തിലുളള വസ്‌ത്രങ്ങളിഞ്ഞാണ് എല്ലാവരും ഈ വിഡിയോയിലെത്തിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. സിംപിൾ സ്‌റ്റെപ്പുകളുമായി നൃത്തം ചെയ്യുന്ന പിഷാരടിയെയാണ് പാട്ടിൽ കാണുന്നത്. സഹീർ അബ്ബാസാണ് ഈ സംഗീത വിഡിയോ സംവിധാനം ചെയ്‌തിരിക്കുന്നത്. ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും ഷെഫീക്ക് റഹ്മാനാണ്. സമദ് സുലൈമാനണ് പാട്ട് പാടിയിരിക്കുന്നത്. എസ്സാർ മീഡിയയാണ് സംഗീത വിഡിയോ പുറത്തിറക്കിയിരിക്കുന്നത്.

സ്റ്റേജ് ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളി മനസിൽ ഇഷ്‌‌ടം നേടിയ കലാകാരനാണ് രമേഷ് പിഷാരടി. തനതായ ശൈലിയിൽ പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാനുളള കഴിവ് രമേശ് പിഷാരടിയെ മലയാളിയ്‌ക്ക് പ്രിയപ്പെട്ടവനാക്കി. ധർമജൻ-പിഷാരടി കൂട്ടുകെട്ടിലുളള കോമഡികൾ എന്നും ചിരിയുടെ പുതിയൊരു വിരുന്നാണ് ആരാധകർക്ക് നൽകാറ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ