ഇരുപതു ലക്ഷത്തോളം മുതൽമുടക്കിൽ നിർമിച്ച ‘സെക്കണ്ട് റൈൻ’ എന്ന മ്യൂസിക് വീഡിയോ റിലീസ് ചെയ്തു. മഴ മുഖ്യ പശ്ചാത്തലമാവുന്ന യുവ ദമ്പതികളുടെ പ്രണയകഥ പറയുന്ന മ്യൂസിക് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത് ലിജോ അഗസ്റ്റിന്‍, അരുന്ധതി നായര്‍ എന്നിവരാണ്. മൂന്നാറിന്റെ മനം മയക്കുന്ന സൗന്ദര്യം ഒപ്പിയെടുത്ത ദൃശ്യങ്ങൾ കൂടാതെ ഫൈറ്റ് രംഗങ്ങളും ക്ലൈമാക്സിൽ ഉൾക്കൊളിച്ചിട്ടുണ്ട്.

“മൈക്കൾ ജാക്സണെ പോലെ മ്യൂസിക് വീഡിയോകളെ നിരൂപിക്കുകയും അവയെ നവീകരിക്കുകയും വ്യത്യസ്ത ഭാവങ്ങൾ നൽകുകയും ചെയ്ത വേറൊരു കലാകാരനില്ല. ഈ പരിശ്രമത്തിൽ അദ്ദേഹമായിരുന്നു എന്റെ ഏറ്റവും വലിയ പ്രചോദനം,” മ്യൂസിക് വീഡിയോയുടെ സംവിധാനം ചെയ്ത ലിജോ അഗസ്റ്റിൻ പറയുന്നു. “തിരക്കഥയും ദൃശ്യങ്ങളും ഗാനത്തിനതീതമായി ഒരുക്കപ്പെടുന്ന മ്യൂസിക് മൂവീസ് എന്ന ജോണർ പ്രേക്ഷകശ്രദ്ധയില്‍ വീണ്ടും കൊണ്ടുവരാനും അവയുടെ സ്വാധീനം ആരായാനുമാണ് ‘സെക്കണ്ട് റൈൻ’ലൂടെ ഞാൻ ശ്രമിച്ചത്.”

മ്യൂസിക് വിഡിയോയിൽ ആർ.വേണുഗോപാൽ രചിച്ച് വരുൺ ഉണ്ണി സംഗീതം നൽകിയ “പെയ്യും മഴയെ “എന്ന ഗാനമുണ്ട്. ശ്വേത മോഹനും രഞ്ജിത്ത് ഗോവിന്ദുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

“ആൺ ശബ്ദം കഥ മുന്നോട്ടു കൊണ്ടുപോവുമ്പോള്‍ അതിനോട് സമഞ്ജസമായി ഗതകാലസ്മരണകള്‍ ഉളവാക്കുന്ന രീതിയില്‍ പെൺ ശബ്ദം ചിട്ടപ്പെടുത്തിയിരിക്കുന്നു. അത് കൊണ്ടാണ് മിഡ് റേഞ്ച് ടോണുള്ള രഞ്ജിത്തിനെയും മൃദുശ്രുതിയില്‍ ഇമ്പമുള്ള സ്വരം തുളുമ്പുന്ന ശ്വേതയെയും തന്നെ തിരഞ്ഞെടുത്തത്,” വരുൺ ഉണ്ണി വിശദീകരിക്കുന്നു. “ഗാനത്തിന്റെ വരികളിലൂടെയും ആലാപനത്തിലൂടെയും യുവ ദമ്പതികളുടെ ഓർമ്മകളെ മഴ തഴുകുന്നു. അത് കൊണ്ട് തന്നെ ഗിറ്റാറും കീബോർഡും ആലാപനവും കൂടാതെ മഴയുടെ ശബ്ദത്തേയും പല ഭാഗങ്ങളിലും ഉപകരണമെന്നോണം ഗാനത്തിൽ ഉപയോഗിച്ചിട്ടുണ്ട്.”

എ.കുമാരൻ, പ്രിജിത് എസ്.ബി എന്നിവർ സംയുക്തമായി ഛായാഗ്രഹണവും ജിതിൻ ഡി.കെ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. അശ്വിൻ ശിവദാസ് മ്യൂസിക് പ്രോഗ്രാമിങ് നിര്‍വഹിച്ചപ്പോള്‍ ഗിറ്റാർ വായിച്ചിരിക്കുന്നത് സന്ദീപ് മോഹനാണ്. ലില്ലി മാജിക് മീഡിയയുടെ ബാനറിൽ ലിജോ അഗസ്റ്റിൻ മ്യൂസിക് വിഡിയോ നിർമിച്ചിരിക്കുന്നു. മ്യൂസിക്247നാണ് മ്യൂസിക് പാർട്ണർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ