ശുദ്ധമായ ഹാസ്യത്തിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടന്‍ സലിം കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ദൈവമേ കൈതൊഴാം K.കുമാറാകണം’ ട്രെയിലറെത്തി. നര്‍മ്മത്തിനു പ്രാധാന്യം നല്‍കുന്ന കുടുംബ ചിത്രമാണെന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്.

ജയറാമും അനുശ്രീയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയറാം അവതരിപ്പിക്കുന്ന കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യ നിര്‍മ്മലയായാണ് അനുശ്രീ എത്തുന്നത്. ഇവരെക്കൂടാതെ ശ്രീനിവാസന്‍, സലികുമാര്‍, ഹരീഷ് കണാരന്‍, ശിവജി ഗുരുവായൂര്‍, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, സമദ്, നോബി, സുബീഷ്, കോട്ടയം റഷീദ്, ഏലൂര്‍ ജോര്‍ജ്, സുരഭി, തെസ്നി ഖാന്‍, മോളി കണ്ണമാലി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രദീപ് കാവുന്തറയുടെ കഥയ്ക്ക് സലിംകുമാര്‍ തിരക്കഥ രചിക്കുന്നു. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് നാദിര്‍ഷയാണ്. യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടൈന്‍മെന്റാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ