ഭിന്നലിംഗക്കാരുടെ ജീവിതത്തെ ആസ്പദമാക്കി കൃതിഗ ഉദയനിഥി സംവിധാനം ചെയ്ത് സന്തോഷ്‌ നാരായണന്‍ സംഗീതം നല്‍കിയ സംഗീത വീഡിയോ ആണ് ‘സധയൈ മീരി’. ആണ്‍ x പെണ്‍ എന്ന എതിര്‍ലിംഗങ്ങളില്‍ തളയ്ക്കപ്പെടുന്ന ലൈംഗിക ബോധമാണ് ഈ വിഡിയോയിലൂടെ തകര്‍ക്കുന്നത്. ആണായി ജനിച്ചു എങ്കിലും തന്റെ സ്ത്രൈണത ഇഷ്ടപ്പെടുകയും പെണ്ണായി ജീവിക്കുകയും ചെയ്യുന്ന കഥാപാത്രത്തിലൂടെയാണ് വിഡിയോ പുരോഗമിക്കുന്നത്.

കുട്ടിയുടെ ലൈംഗികത അംഗീകരിക്കാന്‍ തയാറാവാത്ത രക്ഷിതാക്കളും, സമൂഹത്തില്‍ ഭിന്നലിംഗക്കാര്‍ അനുഭവിക്കുന്ന പിന്നോക്കാവസ്ഥയും അവഗണനയുമൊക്കെ കൃത്യമായി കാണിക്കുന്നുണ്ട് കൃതിഗ. നിവൃത്തിയില്ലാതെ ലൈംഗികവൃത്തി ഉപജീവനമാര്‍ഗ്ഗം ആക്കേണ്ടി വരുന്ന ബഹുഭൂരിപക്ഷം ഭിന്നലിംഗക്കാരുടേയും കഥയാണ് സധയൈ മീരി.

പിസ്സ, ജിഗര്‍ത്തണ്ട, കബാലീ എന്നീ പടങ്ങളിലൂടെ പ്രശസ്തനായ സന്തോഷ്‌ നാരായണന്‍ ആണ് ഇതില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സന്തോഷ്‌ നാരായണന്‍റെ ഹൃദ്യമായ സംഗീതത്തിനു അര്‍ത്ഥവത്തായ വരികള്‍ രചിച്ചിരിക്കുന്നത് വിവേക് ആണ്. സമൂഹത്തിനു ഭിന്നലിംഗക്കാരോടുള്ള മുന്‍വിധികളേയും കാഴ്ചപ്പാടുകളെയും തകർത്ത് എറിയുന്നതാണ് വിഡിയോയും വരികളും. ഭിന്നലിംഗക്കാരുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും ദിനംപ്രതി അവര്‍ കടന്നു പോവേണ്ടി വരുന്ന ബുദ്ധിമുട്ടുകളുമൊക്കെ കഥാതന്തു ആവുന്നുണ്ട് ഇവിടെ. തമിഴ്‌നാട് രാഷ്ട്രീയത്തിലെ പ്രമുഖനായ എം.കെ.സ്റ്റാലിന്‍റെ മകനും നടനുമായ ഉദയനിധി സ്റ്റാലിന്‍റെ ജീവിതപങ്കാളിയാണ് സംവിധായക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ