സച്ചിന്റെ ജീവിതം പറയുന്ന സച്ചിൻ എ ബില്യൺ ഡ്രീംസിലെ ഗാനമെത്തി. സച്ചിന്റെ ജീവിതത്തിലെ പല രംഗങ്ങളും കോർത്തിണക്കിയുളളതാണ് ഈ ഗാനം. ഹിന്ദ് മേരേ ജിന്ദ് എന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് എ.ആർ.റഹ്മാനാണ്. പാട്ട് പാടിയിരിക്കുന്നതും റഹ്മാൻ തന്നെയാണ്. റഹ്മാന്റെ സ്വരവും വിവിധ ഭാവത്തിൽ നിറഞ്ഞ് നിൽക്കുന്ന സച്ചിനുമാണ് ആ ഗാനരംഗത്തിലുളളത്. ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് ഇർഷാദ് കാമിലാണ്. പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ബ്രിട്ടീഷ് ചലച്ചിത്രകാരനുമായ ജെയിംസ് എർസ്‌കിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഏവരും ആകാംക്ഷയോടെ കാത്തിരുന്ന സച്ചിൻ എ ബില്യൺ ഡ്രീംസിന്റെ ട്രെയിലർ നേരത്തെ പുറത്തിറങ്ങിയിരുന്നു. സച്ചിന്റെ ജീവിതത്തിലെ പല നിമിഷങ്ങളും കോർത്തിണക്കിയുളളതാണ് വിഡിയോ. സ്വകാര്യ ജീവിതവും കരിയറും ട്രെയിലറിൽ കാണിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇറങ്ങിയ ചിത്രത്തിന്റെ ടീസറിന് വൻ സ്വീകരണമായിരുന്നു ലഭിച്ചത്.

ജെയിംസ് എർസ്‌കിനും ശിവ ആനന്ദും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 200 നോട്ടൌട്ട് ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. രവി ഭഗ്ചന്ദ്കയും കാർണിവൽ മോഷൻ പിക്‌ചേഴ്സും ആണ് നിർമാതാക്കൾ. ക്രിസ് ഓപൻഷായാണ് ഛായാഗ്രാഹകൻ

മെയ് 26 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ