ബാഹുബലി തിയേറ്ററിൽ എത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ആരാധകർക്ക് സമ്മാനവുമായി പ്രഭാസ്. തന്റെ പുതിയ ചിത്രമായ സാഹോയുടെ ടീസറാണ് പ്രഭാസ് പുറത്ത് വിട്ടത്.എതിരാളികളെ അടിച്ചു വീഴ്‌ത്തി എന്തിനും തയ്യാറായി മുഖത്ത് രക്തം പുരണ്ടിരിക്കുന്ന പ്രഭാസിനെയാണ് ടീസറിൽ കാണുന്നത്. ഒരു ആക്ഷൻ ഹീറോയായാണ് പ്രഭാസ് ചിത്രത്തിലെത്തുന്നതെന്നാണ് സൂചന.

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പ്രഭാസ് അഭിനയിക്കുന്ന ചിത്രമാണ് സാഹോ.ബിഗ് ബഡ്‌ജറ്റിലൊരുങ്ങുന്ന ചിത്രമാണ് സാഹോ. സുജീത്ത് ഒരുക്കുന്ന സിനിമ ഒരേസമയം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഹൈടെക് ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നാണ് ടീസർ നൽകുന്ന സൂചന. യുവി ക്രിയേഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.ആർ.മധിയാണ് സാഹോയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈനർ.

പ്രഭാസ് നായകനായെത്തുന്ന ബാഹുബലി 2 നാളെയാണ് തിയേറ്ററിലെത്തുന്നത്. അമരേന്ദ്ര ബാഹുബലി, മഹേന്ദ്ര ബാഹുബലി എന്നീ രണ്ട് വ്യത്യസ്‌ത വേഷത്തിലാണ് പ്രഭാസ്
ബാഹുബലിയിലെത്തുന്നത്.എസ്.എസ്.രാജമൗലിയാണ് ബാഹുബലി ദി കൺക്ളൂഷൻ സംവിധാനം ചെയ്യുന്നത്.2015ൽ പുറത്തിറങ്ങിയ മഹിഷ്‌മതിയുടെ കഥ പറഞ്ഞ ചിത്രമാണ് ബാഹുബലി. ഒരുപാട് ചോദ്യങ്ങൾ ഉയർത്തി അവസാനിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ