ബോളിവുഡ് ഏറെ നാളായി കാത്തിരുന്ന പത്മാവതിയുടെ ട്രെയിലർ പുറത്തിറങ്ങി. മൂന്നു മിനിറ്റിലധികം ദൈർഘ്യമുളള ട്രെയിലറിൽ ആക്ഷൻ രംഗങ്ങൾ വളരെ കുറച്ചു മാത്രമാണ് ഉൾക്കൊളളിച്ചിരിക്കുന്നത്. ദീപിക പദുക്കോണും രൺവീർ സിങ്ങും ഷാഹിദ് കപൂറിനും ഒരുപോലെ പ്രാധാന്യം നൽകിയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന പത്മാവതിയിൽ നായകനെക്കാൾ നായികയ്ക്കാണ് പ്രധാന്യം. രജപുത്ര റാണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ദീപികയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റാണി പത്മാവതിയുടെ ഭർത്താവ് രത്തൻ സിങ്ങിന്റെ വേഷമാണ് ഷാഹിദ് കപൂർ ചെയ്യുന്നത്. അലാവുദ്ദീൻ ഖിൽജിയുടെ വേഷമാണ് രൺവീർ സിങ്ങിന്റേത്.

നേരത്തെ രജപുത്രരെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് രജ്പുത് കർണി സേനാംഗങ്ങൾ പതാമവതിയുടെ ഷൂട്ടിങ് സെറ്റ് ആക്രമിച്ചിരുന്നു. പ്രതിഷേധത്തെത്തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് ജയ്‌പൂരിൽനിന്നും മുംബൈയിലേക്ക് മാറ്റിയിരുന്നു. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയും റാണി പത്മാവതിയും തമ്മിൽ പ്രണയരംഗങ്ങള്‍ ഉണ്ടെന്ന അഭ്യൂഹമാണ് രജപുത്ര സമുദായത്തെ ചൊടിപ്പിച്ചത്. എന്നാല്‍, ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങളൊന്നും ചിത്രത്തിലില്ലെന്ന് അണിയറ പ്രവർത്തകർ വിശദീകരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ