ദുൽഖർ സൽമാൻ നായകനാവുന്ന കോമ്രേഡ് ഇൻ അമേരിക്ക ചിത്രത്തിലെ കണ്ണിൽ കണ്ണിൽ പാട്ടിന്റെ ഓഡിയോ പുറത്തിറങ്ങി. പാട്ടിന്റെ ഓഡിയോ ടീസർ നേരത്ത പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ തന്റെ ഇഷ്ടഗാനമാണിതെന്ന് പറഞ്ഞ് ദുൽഖറും തന്റെ ഫെയ്സ്ബുക്ക് പേജിൽ ഓഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

ഗോപി സുന്ദറാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. കേൾക്കാൻ മനോഹരമാണ് കണ്ണിൽ കണ്ണിൽ നോക്കുംനേരം ഉളളിൽ തിങ്ങി നിറയുന്നതെന്തോ എന്നു തുടങ്ങുന്ന ഗാനം. റഫീഖ് അഹമ്മദിന്റേതാണ് വരികൾ. ഹരിചരൺ ശേഷാദ്രിയും സയനോര ഫിലിപ്പും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അമൽ നീരദാണ് സിഐഎ: കോമ്രേഡ് ഇന്‍ അമേരിക്ക സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പാലാക്കാരനായ എസ്എഫ്ഐകാരന്‍ ആയിട്ടാണ് ദുൽഖർ എത്തുന്നതെന്നാണ് സൂചന. അജി മാത്യു എന്നാണ് ദുൽഖറിന്റെ കഥാപാത്രത്തിന്റെ പേര്. കോട്ടയത്തെ പാലായിൽ നിന്ന് അമേരിക്കയിലെത്തുന്ന സാധാരണക്കാരന്റെ കഥയാണ് ചിത്രം. പുതുമുഖമായ കാർത്തികയാണ് ദുൽഖറിന്റെ നായിക. പ്രശസ്‌ത ഛായാഗ്രാഹകൻ സി.കെ.മുരളീധരന്റെ മകളാണ് കാർത്തിക. സൗബിൻ ഷാഹിർ, ജോൺ വിജയ്, ജിനു ജോസഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ