ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രം കാട്രു വെളിയിടൈയുടെ രണ്ടാമത്തെ ട്രെയിലറെത്തി. കാർത്തിയും അദിതി റാവുവും പ്രധാന കഥാപാത്രങ്ങളാകുന്ന പ്രണയ ചിത്രമാണ് കാട്രു വെളിയിടൈ. എന്നാൽ ഇത് വെറുമൊരു പ്രണയ ചിത്രം മാത്രമല്ലെന്നാണ് പുതിയ ട്രെയിലർ നൽകുന്ന സൂചന. സാഹസികതയും യുദ്ധവും കൂടെ ചേരുന്നതാണ് കാട്രു വെളിയിടൈ. ഒരു ഫൈറ്റർ ജെറ്റ് പൈലറ്റായാണ് കാർത്തിയെത്തുന്നത്. അദിതി റാവുവാകട്ടെ ഡോക്‌ടറായും.

ആക്ഷൻ രംഗങ്ങൾ കൂടി നിറഞ്ഞതാണ് രണ്ടാം ട്രെയിലർ. എങ്കിലും ഹൈലൈറ്റ് നായകന്റെയും നായികയുടെയും സുന്ദരമായ പ്രണയ മുഹൂർത്തങ്ങൾ തന്നെയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ച് നടന്നിരുന്നു.

Read More: സംഗീത സാന്ദ്രമായി കാട്രു വെളിയിടൈയിലെ ഗാനങ്ങൾ

ടീസറും ഗാനങ്ങളും ആദ്യ ട്രെയിലറും പുറത്തിറങ്ങിയ നാൾ മുതൽ വൻ ആകാംഷയോടെയാണ് ഏവരും ഈ മണിരത്നം ചിത്രത്തിനായി കാത്തിരിക്കുന്നത്. സംഗീതം കൊണ്ട് വിസ്‌മയം തീർക്കുന്ന എ.ആർ.റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങളൊരുക്കിയിരിക്കുന്നത്.

മണിരത്നം സംവിധാനം ചെയ്യുന്ന 25 -ാം ചിത്രമാണിത്. മദ്രാസ് ടാക്കീസിന്റെ ബാനറിൽ മണിരത്നം തന്നെയാണ് ചിത്രം നിർമിക്കുന്നതും. ഊട്ടി, കൊടൈക്കനാൽ, ഹിമാചൽ പ്രദേശ്, ലഡാക്ക്, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

Read More: പ്രണയം പറഞ്ഞ് കാട്ര് വെളിയിടൈ ട്രെയിലറെത്തി

കെ.പി.എ.സി.ലളിത, രുഗ്മിണി വിജയകുമാർ, ആർ.ജെ.ബാലാജി, ഡൽഹി ഗണേഷ് എന്നിവരാണ് മറ്റു അഭിനേതാക്കൾ. ഏപ്രിൽ ഏഴിന് ചിത്രം തിയേറ്ററിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ