വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ ഷാൻ റഹ്മാൻ സംഗീതം നൽകിയ ജിമിക്കി കമ്മൽ പാട്ടിന്റെ തരംഗം അവസാനിക്കുന്നില്ല. ഗാനത്തിന് അനുസരിച്ച് ജാക്കി ചാൻ ചുവടുവയ്ക്കുന്ന ഏറ്റവും പുതിയ പതിപ്പാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായിരിക്കുന്നത്. ഇതിനുമുൻപ് പല പതിപ്പുകളും പുറത്തുവന്നിരുന്നുവെങ്കിലും അവയെക്കാൾ മികച്ചു നിൽക്കുന്നതാണ് ജാക്കി ചാന്റെ ജിമിക്കി കമ്മൽ ഡാൻസ്.

കുങ് ഫു യോഗ എന്ന ജാക്കി ചാന്റെ ചിത്രത്തിലെ ഗാനത്തിനു പകരം ജിമിക്കി കമ്മൽ ഗാനം ചേർത്തുളള വിഡിയോയാണ് പുറത്തുവന്നിട്ടുളളത്. ജാക്കി ചാനൊപ്പം സോനു സൂദും ദിഷ പട്നാനിയും ഗാനരംഗത്തിലുണ്ട്.

അടുത്തിടെ ജിമിക്കി കമ്മലിന്റെ ഫാനാണ് താനെന്ന് ബോളിവുഡ് നടൻ അഭിഷേക് ബച്ചൻ പറഞ്ഞിരുന്നു. ട്വിറ്ററിലാണ് അഭിഷേക് തന്റെ ജിമിക്കി കമ്മല്‍ ഭ്രമം പങ്കുവച്ചത്. നിലവില്‍ തന്നെ ഈ പാട്ട് ബാധിച്ചിരിക്കുകയാണെന്നും നിര്‍ത്താതെ കേട്ടുകൊണ്ടിരിക്കുകയാണെന്നുമാണ് അഭിഷേക് പറഞ്ഞത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ ചിത്രത്തിലേതാണ് ഈ ഗാനം. മൂന്നു കോടിയിലധികം കാഴ്ചക്കാരെയാണ് കുറഞ്ഞ കാലം കൊണ്ട് ജിമിക്കി കമ്മല്‍ സ്വന്തമാക്കിയത്. അനില്‍ പനച്ചൂരാന്റെ വരികള്‍ പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ്. ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള ഈ ഗാന രംഗത്ത് മോഹന്‍ലാലും പ്രത്യക്ഷപ്പെടുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ