I’M Muslim & I Trust You. Do You Trust Me Enough for A hug?(‘ഞാനൊരു മുസ്​ലിമാണ്. നിങ്ങളെ വിശ്വസിക്കുന്നു. ഒന്നുചേർത്തുപിടിക്കാൻ മാത്രം എന്നെ നിങ്ങൾ വിശ്വസിക്കുമോ?’ നാല് ദിവസങ്ങൾക്ക് മുൻപ് മാഞ്ചസ്റ്ററിലെ ഒരു തെരുവിൽ കണ്ണ് മൂടിക്കെട്ടിയ ഒരു യുവാവ് ഇങ്ങനെ ഒരു ബോർഡുമായി പ്രത്യക്ഷപ്പെട്ടു. തലയിലൊരു തൊപ്പിയും ചുമലിൽ ഒരു ബാഗുമായി ബക്​താഷ്​ നൂരിയെന്ന 22കാരൻ ഇരുകൈകളും വിടർത്തി നിന്നു.

ആദ്യം ആരും തന്നെ ഇയാളെ ശ്രദ്ധിച്ചില്ല. പിന്നെ വഴിയാത്രക്കാരനായ ഒരാളാണ് ബക്താഷിന്റെ വാക്കുകൾ ശരിക്കും ശ്രദ്ധിച്ചത്. അദ്ദേഹം യുവാവിനെ കെട്ടിപ്പുണർന്ന് പറഞ്ഞു. ‘എനിക്ക് നിന്നെ വിശ്വാസമാണ്..വിഷമിക്കേണ്ട’. അതു​കണ്ടുകൊണ്ടുനിന്ന മറ്റൊരാൾ വന്ന്​ ‘നീ തനിച്ചല്ല’ എന്നു പറഞ്ഞ്​ ബക്​താഷിനെ കെട്ടിപ്പുണർന്നു. ചെറിയ സമയത്തിനുള്ളിൽ തന്നെ അവിടെ ഒരു വരി തന്നെ പ്രത്യക്ഷപ്പെട്ടു. ‘എന്നും നിന്നെ ഞാൻ നെഞ്ചോട്​ ചേർക്കും. കാരണം, നിന്നെ എനിക്ക്​ വിശ്വാസമാണ്​’ ബക്താഷിനെ പുണർന്ന് പലരും നൽകിയ വാക്കുകൾ ഇങ്ങനെയായിരുന്നു. ‘ആ സ്​ഫോടനത്തിൽ എ​​ന്റെ സഹോദരനും മരണപ്പെട്ടു. പക്ഷേ, ഞാൻ നിന്നെ വെറുക്കുന്നില്ല സഹോദരാ, സ്​നേഹിക്കുന്നേയുള്ളു’ എന്ന് ഒരാൾ ബക്താഷിനെ ആലിംഗനം ചെയ്ത് പറഞ്ഞപ്പോൾ കണ്ടുനിന്നവരുടേയും കണ്ണുകൾ ഈറനണിഞ്ഞു.

മാഞ്ചസ്​റ്ററിൽ 22 പേർ കൊല്ലപ്പെട്ട സ്ഫോടനത്തിന് ശേഷം ഇംഗ്ലണ്ടിലെ മുസ്​ലിങ്ങൾ സംശയത്തി​ന്റെ നി​ഴലിലായിരുന്നു. ‘വിദ്വേഷത്തിനു പകരം സ്​നേഹം പകരുക’ എന്ന ലക്ഷ്യവുമായായിരുന്നു ബക്​താഷ്​ നൂരി ബോർഡുമായി പ്രത്യക്ഷപ്പെട്ടത്​. ബക്​താഷ്​ നൂരിയും അവനെ മാറോടച്ച് ചേർക്കാൻ ക്യൂ നിൽക്കുന്ന മാഞ്ചസ്​റ്ററിലെ സ്​നേഹ സമ്പന്നരായ ജനങ്ങളും വൈറലായിരിക്കുകയാണ്​. ‘ദ ഡെയ്​ലി ടെലഗ്രാഫ്​’ അടക്കമുള്ള മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ്​ സംഭവം വാർത്തയാക്കിയത്​.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ