കൊളംബോ: കടലില്‍വീണു മുങ്ങിത്താണ ആനയെ ശ്രിലങ്കന്‍ നാവികസേന അത്ഭുതകരമായി രക്ഷപ്പെടുത്തി. കടലില്‍ പത്ത് നോട്ടിക്കല്‍ മൈല്‍ അകലെയാണ് രക്ഷപ്പെടാനാവാതെ ക്ലേശിക്കുന്ന ആനയെ ലങ്കന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ കണ്ടത്തിയത്. 12 മണിക്കൂര്‍ നീണ്ട സാഹസിക നീക്കത്തിനൊടുവിലാണ് ഉദ്യോഗസ്ഥര്‍ ആനയെ അദ്ഭുതകരമായി കരക്കെത്തിച്ചത്.

ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരത്തുനിന്നാണ് ആന കടലിലിറങ്ങിയത്. അടിയൊഴുക്കില്‍ പെട്ട ആന തീരത്തുനിന്ന് 10 മൈലോളം അകലേക്ക് ഒഴുകിപ്പോയി. നേവിയുടെ പട്രോളിങ് സംഘമാണ് കടലില്‍ മുങ്ങിത്താഴുന്ന ആനയെ കണ്ടെത്തിയത്.

തുടര്‍ന്ന് നേവിയുടെ മുങ്ങല്‍ വിദഗ്ധരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് 12 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആനയെ രക്ഷപ്പെടുത്തി തീരത്തെത്തിച്ചു. ശ്രീലങ്കന്‍ തീരത്തുള്ള ആനകള്‍ കടലില്‍ 15 കിലോമീറ്ററുകളോളം നീന്തിപ്പോകാറുണ്ട്. എന്നാല്‍ കടലിലെ അടിയൊഴുക്കാണ് ഈ ആനയെ കുടുക്കിയത്.

കരയിലെത്തിച്ച ആനയെ പിടികൂടാനൊന്നും ശ്രലങ്ക തയ്യാറായില്ല. ആനയെ നേരെ കാട്ടിലേക്ക് അധികൃതര്‍ തുറന്നുവിട്ടു. അത്യാവശ്യം വെള്ളം കുടിച്ചതിന്റെയും കടലില്‍ അധികനേരം നീന്തിയതിന്റെയും ക്ഷീണമല്ലാതെ ആനയ്ക്ക് മറ്റുപ്രശ്‌നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ