വൻ താരനിര അണിനിരക്കുന്ന അച്ചായൻസിന്റെ ട്രെയിലറെത്തി. കണ്ണൻ താമരക്കുളമാണ് അച്ചായൻസ് സംവിധാനം ചെയ്യുന്നത്. ജയറാം, ഉണ്ണി മുകുന്ദൻ, ആദിൽ ഇബ്രാഹിം, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. പ്രണയവും സൗഹൃദവും സസ്‌പെൻസും നിറഞ്ഞതാണ് ട്രെയിലർ.

അമല പോൾ, അനു സിത്താര എന്നിവരാണ് ചിത്രത്തിലെ നായികമാരായെത്തുന്നത്. വ്യത്യസ്‌തമായ ഗെറ്റപ്പിലാണ് അമല പോൾ ചിത്രത്തിലെത്തുന്നത്. പ്രകാശ് രാജും ശക്തമായ ഒരു കഥാപാത്രവുമായി ചിത്രത്തിലുണ്ട്. ചെറിയൊരിടവേളയ്‌ക്ക് ശേഷം പ്രകാശ് മലയാളത്തിലെത്തുന്നുവെന്ന പ്രത്യേകത കൂടി ഉണ്ട് ഈ ചിത്രത്തിന്. രമേഷ് പിഷാരടി, ധർമ്മജൻ എന്നിവരും ചിത്രത്തിലുണ്ട്.

ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം കണ്ണൻ താമരക്കുളവും ജയറാമും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് അച്ചായൻസ്.സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് സേതുവാണ്. ‌ കോമഡിയും സസ്പെൻസും നിറഞ്ഞ ഒരു എന്റർടെനറായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് രതീഷ് വേഗ സംഗീതം നിർവഹിക്കുന്നു. ഡിഎൻവിപി ക്രിയേഷൻസിന്റെ ബാനറിൽ സികെ പത്മകുമാറാണ് ചിത്രത്തിന്റെ നിർമാണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ