പുതിയ രൂപത്തിലേക്ക് മാറിയിരിക്കുകയാണ് ലോകത്തിലെ ജനപ്രിയ ചാറ്റ് വിന്റോ ആയ വാട്സ് ആപ്പ്. ഇനി വെറും ചാറ്റിംഗ് മാത്രമല്ല, 100 മെഗാബൈറ്റ് വരെ വലിപ്പമുള്ള ഏത് ഫയലും പരസ്പരം കൈമാറാവുന്ന വിധം ആപ്ലിക്കേഷൻ പരിഷ്കരിച്ചിരിക്കുകയാണ് കമ്പനി. ഇതിന് പുറമേ രണ്ട് മറ്റ് സൗകര്യങ്ങൾ കൂടി ആപ്ലിക്കേഷനിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ആപ്ലിക്കേഷനകത്തെ കാമറ തുറന്ന് മുകളിലേക്ക് സ്വൈപ് ചെയ്താൽ ഗാലറി തന്നെ തുറന്നുവരുന്നതാണ് പുതിയ മാറ്റം. ചിത്രങ്ങൾ ആൽബമായി ഒരുമിച്ച് അയക്കാം എന്നതിന് പുറമേ വളരെ ടെക്സ്റ്റ് ഫോർമാറ്റിനുള്ള സൗകര്യവും ഉണ്ട്.

ഇപ്പോൾ തന്നെ ഒന്നിൽ കൂടുതൽ ചിത്രങ്ങൾ അയക്കാൻ സൗകര്യമുണ്ടെങ്കിലും ഇത് ആൽബമായല്ല ലഭിക്കുക. വാട്സ് ആപ് നിങ്ങൾ അപ്ഡേറ്റ് ചെയ്താൽ അഞ്ച് ചിത്രങ്ങളിൽ കൂടുതൽ ഒരേ സമയം അയക്കുമ്പോൾ ഇത് ആൽബമായി മാറും.

ഒന്നിന് താഴെ അടുത്തത് എന്ന നിലയിൽ ചിത്രങ്ങൾ കണ്ടിരുന്നത് മാറി ഒറ്റ ആൽബമായി മാറും. ഇതിൽ ആദ്യത്തെ അഞ്ച് ചിത്രങ്ങളും തംബ്നെയിൽ വലിപ്പത്തിലായിരിക്കും കാണുക. അഞ്ചാമത്തെ ചിത്രത്തിന് മുകളിൽ ശേഷിക്കുന്ന ചിത്രങ്ങളുടെ എണ്ണവും കാണാനാകും.

ടെക്സ്റ്റിന് ഇറ്റാലിക്സും ബോൾഡുമാക്കി ഭംഗിയേകാമെന്നതിന് പുറമേ, എഴുതിയ വരികൾക്ക് മുകളിൽ കുത്തിവരയ്ക്കാനുള്ള സൗകര്യവും ഉണ്ട്. ഇതിനായി ടെക്സ്റ്റിൽ വെറുതെ ടാപ് ചെയ്ത ശേഷം ഇത്തിരി നേരം ഹോൾഡ് ചെയ്താൽ മതി.

വോയ്സ് കോളിനും വീഡിയോ കോളിനുമുള്ള രൂപകൽപ്പനയിലും മാറ്റം വരുത്തിയിട്ടുണ്ട്. ആപ്പിൾ ഐഫോണുകളിലും ആൻഡ്രോയ്ഡ് ഫോണുകളിലും പുതിയ അപ്ഡേറ്റ് ലഭ്യമാകും. 20 കോടിയിലേറെ പേരാണ് വാട്സ് ആപ്പിന്റെ ഉപഭോക്താക്കൾ. ഇന്ത്യയിൽ ഏറെ പ്രചാരം നേടിയ ആപ്ലിക്കേഷനും ഇതാണ്.

ഡിജിറ്റൽ ന്യൂസ് റിപ്പോർട്ട് 2017 പ്രകാരം ഏറ്റവും കൂടുതൽ പേർ വാർത്തകൾ പങ്കുവയ്ക്കാൻ ഉപയോഗിക്കുന്നത് വാട്സ് ആപ്പ് ആണ്. അഞ്ച് വൻകരകളിലായി 30 രാജ്യങ്ങളിലാണ് പഠനം നടത്തിയത്.

ഒറ്റ സമയം 30 ഫോട്ടോകളോ വീഡിയോകളോ പങ്കുവയ്ക്കാൻ സഹായിക്കുന്നതാണ് വാട്സ്ആപ്പിന്റെ മറ്റൊരു മേന്മ. യൂണിഫൈഡ് പേമെന്റ് ഇന്റർഫെയ്സ് വഴി ബാങ്കുകളിൽ നിന്ന് ബാങ്കുകളിലേക്കുള്ള ഇടപാടുകൾ നടത്തുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചർച്ച നടത്തുകയാണ് വാട്സ്ആപ്പിന്റെ അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ