പൗരത്വം എന്നത് മനുഷ്യനു മാത്രം നൽകേണ്ടതാണെന്ന് ആരു പറഞ്ഞു? അങ്ങനെ കരുതുന്നവര്‍ സോഫിയയെ കുറിച്ചറിയണം. സോഫിയ മനുഷ്യനല്ല. എന്നാല്‍ മനുഷ്യനെ പോലെ തന്നെയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്‍മിച്ച സോഫിയ എന്ന ഹ്യൂമനോയ്ഡ് റോബോട്ടിന് പൗരത്വം നല്‍കി സൗദി അറേബ്യ ചരിത്രത്തില്‍ തന്നെ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ്.

ഹാന്‍സണ്‍ റോബോട്ടിക്സാണ് സോഫിയയുടെ നിര്‍മാതാക്കള്‍. സോഫിയയ്ക്ക് സംസാരിക്കാനും തന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാനുമൊക്കെ കഴിയും. സൗദിയില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് കോണ്‍ഫറന്‍സില്‍ വച്ച് ബുധനാഴ്ചയാണ് സോഫിയക്ക് പൗരത്വം നല്‍കിയത്. അറബ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതാദ്യമായാണ് ഒരു രാജ്യം റോബോട്ടിന് പൗരത്വം നല്‍കുന്നത്. ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് സോഫിയ. അപൂര്‍വമായ ഈ അംഗീകാരത്തില്‍ ഏറെ അഭിമാനം തോന്നുന്നുവെന്നും പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ട് ചരിത്രപരമാണെന്നും സോഫിയ പ്രതികരിച്ചു.

ചടങ്ങില്‍ മോഡറേറ്റര്‍ ആന്‍ഡ്ര്യൂ റോസ് സോര്‍ക് ചോദിച്ച തല്‍സമയ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടികളാണ് സോഫിയ നല്‍കിയത്. മറുപടികള്‍ക്കിടയില്‍ ചിരിക്കാനും ദേഷ്യപ്പെടാനുമുള്ള തന്റെ കഴിവ് പ്രകടിപ്പിക്കാനും സോഫിയ മറന്നില്ല.

തനിക്ക് മനുഷ്യര്‍ക്കൊപ്പം ജോലി ചെയ്യണം. അതിനാല്‍ അവരെപോലെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ അവര്‍ തന്നെ വിശ്വസിക്കുകയുള്ളൂവെന്നും മനുഷ്യര്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാനാവശ്യമായ കാര്യങ്ങള്‍ക്കു വേണ്ടി തന്റെ നിര്‍മിത ബുദ്ധി ഉപയോഗിക്കാനാണ് താത്പര്യപ്പെടുന്നതെന്നും പറഞ്ഞ സോഫിയ ഈ ലോകത്തെ മികച്ച ഒരിടമാക്കി മാറ്റാന്‍ തന്നെക്കൊണ്ട് സാധിക്കും വിധം പരിശ്രമിക്കുമെന്നും വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ