ടെലികോം രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച് രംഗത്തു വന്ന റിലയൻസ് ജിയോയുടെ പ്രൈം മെമ്പർഷിപ്പ് ഓഫർ ഇന്ന് അവസാനിക്കും. ജിയോയിൽ അംഗത്വമെടുത്ത ആദ്യ ഉപയോക്താക്കൾക്ക് ഹാപ്പി ന്യൂ ഇയർ ഓഫറിൽ തുടരാനായി മാർച്ച് 31 വരെയാണ് സമയം അനുവദിച്ചിരുന്നത്. ഈ കാലാവധിയാണ് മണിക്കൂറുകൾക്കുളളിൽ അവസാനിക്കുന്നത്.

ജിയോ ഉപയോക്താക്കളായിരുന്നവർക്ക് പ്രൈം അംഗത്വം തുടരാൻ 99 രൂപ നൽകി സർവീസ് തുടരാനുളള​ കാലാവധിയാണ് ഇന്ന് തീരുന്നത്. 99 രൂപ നൽകി പ്രൈം അംഗത്വം തുടരുന്നവർക്ക് ഒരു വർഷത്തേക്ക് കൂടി, അതായത് 2018 മാർച്ച് 31 വരെ ജിയോയ്‌ക്ക് നിലവിലുളള ഹാപ്പി ന്യൂ ഇയർ ഓഫർ തുടരാം.

പക്ഷേ ഇത് തുടരാനായി 303 രൂപയ്‌ക്ക് പ്രതിമാസം റീച്ചാർജ് ചെയ്യണം. 28 ദിവസമാണ് 303 രൂപയുടെ റീച്ചാർജിന്റെ കാലാവധി. ഈ ഓഫർ പ്രകാരം ദിവസം ഒരു ജിബി ഡേറ്റയാണ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിലെവിടെയും അൺലിമിറ്റഡ് വോയ്‌സ് കോളും 100 എസ്എംഎസുകളും ഉപയോക്താക്കൾക്ക് സൗജന്യമായി ജിയോ നൽകുന്നത് തുടരും.

499 റീച്ചാജിന് ദിവസം 2 ജിബി ഡേറ്റയാണ് 28 ദിവസത്തേക്ക് ഉപയോക്താക്കൾക്ക് ലഭിക്കുക. ഈ റീച്ചാജുകൾ കൂടാതെ ആഡ് ഓൺ റീച്ചാജുകൾ ചെയ്‌താൽ ദിവസം ഉപയോഗിക്കാവുന്ന ഡാറ്റയുടെ പരിധി 10 ജിബി വരെ കൂട്ടാം. ജിയോ ആപ്പ് വഴിയും റിലയൻസ് സ്റ്റോറുകളിൽ നിന്നും ഈ സേവനങ്ങൾ ലഭ്യമാക്കാം.

അതേസമയം, ജിയോ സിം എടുത്തവരില്‍ 42 ശതമാനത്തിന് അടുത്ത് ഉപയോക്താക്കൾ പ്രൈം മെമ്പര്‍ഷിപ്പിലേക്ക് മാറിയെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ വന്നിരുന്നു. ആദ്യം സൗജന്യ ഇന്റർനെറ്റും വോയ്‌സ് കോളും മെസേജുകളും അനുവദിച്ച ജിയോ താരിഫ് നിരക്കുകൾ പ്രഖ്യാപിച്ച ശേഷമാണ് 2017 മാർച്ച് 31 വരെ ജിയോ പ്രൈമിൽ അംഗത്വമെടുക്കാനുളള കാലയളവ് അറിയിച്ചത്.

ജിയോയുടെ ഓഫറുകളും താരിഫുകളും സ്വന്തമാക്കാൻ ഒരു വർഷത്തേക്കാണ് പ്രൈം അംഗത്വം എടുക്കേണ്ടത്. ഇതിനോടൊപ്പം ‘ബൈ വൺ ഗെറ്റ് വൺ’ ഓഫറും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ 303, 499 രൂപയുടെ റീചാർജുകൾക്ക് ഒപ്പം യഥാക്രമം 5 ജിബി, 10 ജിബി ഡേറ്റ സൗജന്യമായി ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ