ലക്‌നൗ: ബ്ലൂവെയില്‍ ഗെയിം മൂലമുള്ള ആത്മഹത്യകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ലക്‌നൗവിലെ സ്‌കൂളുകളില്‍ സ്മാര്‍ഫോണുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. സ്കൂളുകളില്‍ അധ്യാപകര്‍ കുട്ടികളെ ശ്രദ്ധിക്കണമെന്നും ഗെയിം കളിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.

അത്പോലെ കുട്ടികള്‍ ഇത്തരത്തിലുള്ള ഗെയിമുകള്‍ കളിക്കുന്നില്ലെന്ന് രക്ഷിതാക്കളും ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ദിരാ നഗറില്‍ 14 വയസുകാരന്‍ ബ്ലൂവെയില്‍ കളിച്ച് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് നടപടി.

വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ സ്മാര്‍ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് അധ്യാപകര്‍ ഇടക്കിടെ പരിശോധന നടത്തണമെന്നും വിദ്യാര്‍ഥികളുടെ സ്വഭാവത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഗെയിം നിരോധിക്കാന്‍ എല്ലാ ജില്ലകളിലേയും പൊലീസ് മേധാവികള്‍ക്ക് ഉത്തര്‍പ്രദേശ് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഓരോ സ്കൂളുകള്‍ കേന്ദ്രീകരിച്ചും ഗെയിമിനെതിരെ പ്രവര്‍ത്തനം നടത്തണമെന്നും പൊലീസിന് ഉത്തരവ് ലഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ