ബെംഗലൂരു: ഇന്ത്യൻ നിർമ്മിത ആപ്പിൾ ഫോണുകളുടെ വിൽപ്പന ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഇന്ത്യയിലെ തിരഞ്ഞെടുത്ത സ്റ്റോറുകളിൽ ഫോണുകളുടെ വിപണനം ആരംഭിച്ചിരിക്കുന്നത്. വളരെ കുറച്ച് യൂണിറ്റുകൾ മാത്രമാണ് ആദ്യ ഘട്ടത്തിൽ വിപണിയിൽ ഇറക്കിയിരിക്കുന്നതെന്ന് വ്യവസായ കേന്ദ്രത്തിലെ പ്രതിനിധി പിടിഐ യോട് പറഞ്ഞു. ആപ്പിൾ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

രണ്ട് ദിവസം മുൻപ് കുറച്ച് ഐഫോൺ എസ്ഇ നിർമ്മാണം ഈ മാസം തന്നെ ആരംഭിക്കുമെന്ന് ആപ്പിൾ കമ്പനി വ്യക്തമാക്കിയിരുന്നു. ഇതിനോടകം തന്നെ ഇന്ത്യൻ നിർമ്മിത ആപ്പിൾ ഫോണുകൾ വിപണിയിൽ വൻ ചലനമുണ്ടാക്കിയതായാണ് വിവരം.

ആപ്പിൾ കമ്പനി കാലിഫോർണിയയിൽ രൂപകൽപ്പന ചെയ്ത് ഇന്ത്യയിൽ നിർമ്മിച്ച ഫോണെന്നാണ് ഇതിന്റെ പായ്ക്കറ്റിൽ എഴുതിയിരിക്കുന്നത്. ഇതിന് 32 ജിബി ആണ് മെമ്മറി. 27240 രൂപ വിലയ്ക്ക് ഇന്ത്യൻ വിപണിയിൽ ഫോണിന്റെ വില.

ഏപ്രിൽ മാസത്തിൽ തന്നെ തായ്‌വാൻ കന്പനി ആപ്പിൾ എസ്.ഇ യുടെ നിർമ്മാണം ബെംഗലൂരുവിൽ പൂർത്തീകരിച്ചിരുന്നുവെന്നാണ് വിവരം. വിദേശത്ത് നിർമ്മിക്കുന്ന ആപ്പിൾ ഫോണുകളുടെ ഘടകങ്ങൾ ബെംഗലൂരുവിൽ തായ്‌വാൻ കമ്പനിയായ വിസ്ട്രോൺ സംയോജിപ്പിച്ചത്.

ആപ്പിൾ ഫോണുകളിൽ ലോകത്ത് ഏറ്റവും പ്രചാരം നേടിയതും ശേഷിയുള്ളതുമായ ഫോണാണ് ആപ്പിൾ എസ്.ഇ. ആപ്പിള്‍ നിര്‍മ്മിക്കുന്ന എല്ലാ ഉത്പന്നങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതാണ് ആപ്പിള്‍ ഇന്ത്യയില്‍ വരുന്നത് കൊണ്ടുള്ള പ്രധാന നേട്ടം. ഐ- ഫോണ്‍ എസ്ഇ മോഡലിന് 39,000 രൂപയ്ക്കാണ് നിലവില്‍ ഇന്ത്യയില്‍ ലഭിക്കുന്നത്. എന്നാല്‍ ഇതേ മോഡല്‍ ഫോണ്‍ 30,000 രൂപയ്ക്ക് ഓണ്‍ലൈന്‍ സൈറ്റുകളില്‍ വഴി പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കും. അതായത് ഇന്ത്യയെ അപേക്ഷിച്ച് അമേരിക്കയില്‍ എസ്ഇ മോഡലിന് 10 ശതമാനത്തോളം വിലക്കുറവിലാണ് ലഭിക്കുന്നത്.

ഇന്ത്യയിൽ തന്നെ സംയോജിപ്പിച്ച് വിപണനം ചെയ്യാൻ തുടങ്ങിയതോടെ 39000 രൂപ വിലയുണ്ടായിരുന്ന ആപ്പിൾ ഫോണുകൾക്ക് 27240 രൂപ വിലയായി. 2015ല്‍ മാത്രം 100 കോടി ഡോളറിന്റെ ആപ്പിൾ ഉപകരണങ്ങളാണ് ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ടതെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. വില്‍പനയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെക്കാള്‍ 56 ശതമാനം വര്‍ധനയാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. ഇതുകൊണ്ടൊക്കെ തന്നെയാണ് സ്വന്തം യൂണിറ്റ് ഇന്ത്യയില്‍ തുടങ്ങാന്‍ ആപ്പിള്‍ തീരുമാനിച്ചത്.

ചൈനീസ് ഫോണുകള്‍ അടക്കം കളം വാഴുന്ന ഇന്ത്യന്‍ വിപണിയില്‍ ഉത്പാദനത്തില്‍ മികവു കാട്ടി മുന്നേറാമെന്ന കണക്കുകൂട്ടലും ആപ്പിളിനുണ്ട്. സാധാരണക്കാരനും താങ്ങാന്‍ കഴിയുന്ന തരത്തിലുള്ള വിലയ്ക്ക് ഒരു ഇന്ത്യന്‍ വേര്‍ഷന്‍ ഉത്പന്നം ആപ്പിള്‍ നിര്‍മ്മിക്കുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ