കാലിഫോര്‍ണിയ: ആപ്പിളിന്റെ പുതിയ മൂന്ന് ഐഫോണ്‍ മോഡലുകള്‍ പുറത്തിറക്കുന്ന ചടങ്ങ് സെപ്തംബര്‍ 12ന് കാലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്സ് തിയറ്ററിലാണ് നടക്കുക. എന്നാല്‍ ആപ്പിള്‍ പുതിയതായി പുറത്തിറക്കുന്ന പ്രീമിയം ഫോണായ ഐഫോണ്‍ എക്‌സിന്റെ വിവരങ്ങള്‍ പുറത്തായിരിക്കുകയാണ്.

കൂടാതെ ഐഫോണ്‍ 8, 8എസ് തുടങ്ങിയ മോഡലുകളും ആണ് ആപ്പിള്‍ അടുത്ത ദിവസം അവതരിപ്പിക്കുന്നതെന്നുമാണ് ഓണ്‍ലൈനില്‍ ചോര്‍ന്ന് കിട്ടിയ വിവരം. ലെറ്റ്സ് ഗോ ഡിജിറ്റല്‍ എന്ന ഓണ്‍ലൈന്‍ സൈറ്റില്‍ ഐഫോണ്‍ എക്സിന്റേതെന്ന് അവകാശപ്പെടുന്ന പെട്ടിയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
സാങ്കേതിക വിദ്യയുള്‍പ്പെടെയുള്ളവയില്‍ ഏറ്റവുമധികം രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന കമ്പനിയാണ് ആപ്പിള്‍. ലോഞ്ചിംങിനു മുമ്പ് ഇതാദ്യമായാണ് ഒരു ഐഫോണിന്റെ വിവരങ്ങള്‍ പുറത്താകുന്നത്. ആപ്പിളിന്റെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന പത്ത് വര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് പുതിയ മോഡലുകള്‍ പുറത്തിറക്കുന്നത്.

4.7 ഇഞ്ച് വലുപ്പമുളള ഡിസ്‍പ്ലെയോട് കൂടിയാണ് ഐഫോണ്‍ 8 വരുന്നതെന്നാണ് വിവരം. ഐഫോണ്‍ 7പ്ലസിന്റെ പരിഷ്കരിച്ച പതിപ്പായിരിക്കും ഐഫോണ്‍ 8 പ്ലസ്. ഫോണില്‍ നല്‍കിയിരിക്കുന്ന സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയില്‍ ഏറെ മികവ് പുലര്‍ത്തുന്നതായിരിക്കും ഐഫോണ്‍ എക്‌സ് എന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 3 ഡി ഫെയ്‌സ് സ്‌കാനിംഗ് ക്യാമറ, എഡ്ജ് ടു എഡ്ജ് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജിംങ്, 4കെ റെസലൂഷന്‍ ആപ്പിള്‍ ടിവി എന്നിവയാണ് ഐഫോണ്‍ പുതുമയായി അവതരിപ്പിക്കുന്നത്. എന്നാല്‍, 1000 ഡോളറിന് മുകളിലായിരിക്കും ഇതിന്റെ വിലയെന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ