മുംബൈ: റിലയൻസ്​ ജിയോയുടെ വരവോടെ ടെലികോ രംഗത്ത് തുടക്കമിട്ട മത്സരത്തിന് ആക്കം കൂട്ടി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍. 345 രൂപക്ക്​ 28 ജി.ബി ഡാറ്റ എന്ന ഓഫറാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചത്. ഇതിനൊപ്പം കോളുകളും പരിപൂർണ്ണ സൗജന്യമായിരിക്കും. ഒരു ദിവസത്തേക്ക്​ 1 ജി.ബി എന്ന കണക്കിലാവും ഡാറ്റ ലഭിക്കുക. ഇതിൽ 500 എം.ബി പകൽ സമയത്തും 500 എം.ബി രാത്രി സമയത്തും ഉപയോഗിക്കാവുന്ന രീതിയിലായിരിക്കും ഓഫര്‍ ലഭ്യമാവുക.

പുതിയ പ്ലാൻ ആവശ്യമുള്ളവർക്ക്​ മാർച്ച്​ 31നകം അത്​ തെരഞ്ഞെടുക്കാം. ഇവർക്ക്​ പ്രതിമാസം 345 രൂപ നൽകി 11 മാസത്തേക്ക്​ കൂടി ഡാറ്റ സേവനങ്ങൾ ആസ്വദിക്കാം. 145 രൂപയ്‌ക്ക് റീചാർജ് ചെയ്‌താൽ 14 ജിബി 3ജി/4ജി ഡാറ്റ ലഭിക്കുന്ന ഓഫറും എയര്‍ടെല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അൺലിമിറ്റഡ് എയർടെൽ ടു എയർടെൽ കോളും പ്ളാൻ നൽകുന്നുണ്ട്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോൾ ഓഫർ വേണമെന്നുളളവർക്ക് 349 രൂപയുടെ പായ്‌ക്കും എയർടെൽ അവതരിപ്പിച്ചിട്ടുണ്ട്.

303 രൂപക്ക്​ 30 ജിബി ഡാറ്റയാണ്​ ജിയോ നൽകുന്നത്​. ​ഈ ഓഫർ പ്രകാരം കോളുകളും മെസേജുകളും പരിപൂർണ സൗജന്യമാണ്​. ഈ വർഷം ഏപ്രിൽ ഒന്നു മുതലാണ് ജിയോയുടെ പുതിയ താരിഫ് പ്ലാൻ പ്രാബല്യത്തിൽ വരിക. ജിയോ വരിക്കാർക്ക് ഇന്ത്യയ്‌ക്ക് അകത്ത് എല്ലാ വോയ്‌സ് കോളുകളും സൗജന്യമായി തുടരും. 2017 മാർച്ച് 31 വരെയായിരുന്നു നേരത്തെ സൗജന്യ ഓഫർ പ്രഖ്യാപിച്ചിരുന്നത്.

ജിയോയുടെ പ്രൈം വരിക്കാരാകാനുളള കാലാവധി മാർച്ച് ഒന്നു മുതൽ മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. നിലവിൽ ജിയോ വരിക്കാരായിട്ടുളളവർക്കും പുതിയതായി മാർച്ച് 31വരെ വരിക്കാരാകുന്നവർക്കും 4 ജി സേവനം ലഭ്യമാകാൻ 99 രൂപയ്‌ക്ക് ഒരു വർഷത്തേക്കുളള പ്ലാൻ സബ്‌സ്ക്രൈബ് ചെയ്യണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ