‘ശ്രദ്ധിക്കുക! 777888999 എന്ന നന്പറിൽ നിന്ന് നിങ്ങൾക്ക് ഒരു കോൾ വന്നേക്കാം. നിങ്ങൾ കോൾ എടുത്താൽ ഫോൺ പൊട്ടിത്തെറിക്കും. ഈ വിവരം നിങ്ങളുടെ കൂട്ടുകാരെയും അറിയിക്കൂ’ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങളിൽ പലർക്കും ഫെയ്സ്ബുക്ക് വഴിയും വാട്സ്അപ്പ് വഴിയും ലഭിച്ചിരിക്കാവുന്ന മെസേജ് ആണിത്. ഈ നന്പറിൽ നിന്ന് വരുന്ന ഫോൺ കോൾ എടുത്താൽ ഒരു സ്ത്രീ സംസാരിച്ച് നിങ്ങളുടെ ഫോണിന്റെ അന്ത്യമായി എന്ന് പറയും എന്നൊരു മെസേജും പ്രചരിക്കുന്നുണ്ട്. ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്നവർ ഭയപ്പെടേണ്ട. നിങ്ങളുടെ ഫോൺ തൽക്കാലം പൊട്ടിത്തെറിക്കാൻ പോകുന്നില്ല.

ഈ സന്ദേശങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണെന്നാണ് വിദഗ്ധർ അറിയിക്കുന്നത്. ആരുടേയോ ബുദ്ധിയിൽ വിരിഞ്ഞ ഒരു തമാശ മാത്രമാണ് ഈ ഭീഷണി സന്ദേശത്തിന് പിന്നിൽ. ഒൻപത് അക്കം മാത്രമുള്ള നന്പറാണ് ഇതെന്ന അടിസ്ഥാന കാര്യം പോലും ആലോചിക്കാതെയാണ് മിക്കവരും ഈ സന്ദേശം കൈമാറിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യയിൽ ഒരു നന്പർ വർക്ക് ചെയ്യാൻ ഏറ്റവും ചുരുങ്ങിയത് പത്ത് നന്പർ വേണം. ഇനി ഇന്രർനാഷണൽ നന്പർ ആണെങ്കിൽ തന്നെ ഏതു രാജ്യത്തിൽ നിന്നാണോ കോൾ വരുന്നത് അവിടുത്തെ കോഡ് വേണം എന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല ഒരിക്കലും ഒരു ഫോൺ കോളിന് ഫോണിനെ പൊട്ടിത്തെറിപ്പിക്കാൻ സാധിക്കില്ലെന്നും അതിന് ഒരു വിധ ശാസ്ത്രീയ പിന്തുണയില്ലെന്നും ഇവർ വ്യക്തമാക്കുന്നു.

ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്പോൾ സന്ദേശത്തിന്റെ ഉള്ളടക്കം സത്യമാണോ എന്നന്വേഷിച്ച് മാത്രം ഷെയർ ചെയ്യാൻ ശ്രമിക്കാനും വിദഗ്ധർ ഉപദേശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ