മുംബൈ: പത്ത് വർഷം മുൻപത്തെ ആ ദിവസം, ഇന്നും ഇംഗ്ലണ്ടിന്റെ വിഖ്യാത ക്രിക്കറ്റർ ആൻഡ്രൂ ഫ്ലിന്റോഫിന്റെയും സ്റ്റുവർട്ട് ബ്രോഡിന്റെയും മനസിലെ ഏറ്റവും വലിയ മുറിവാണ്. അന്നാണ് ഫ്ലിന്റോഫ് പ്രഥമ ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തിൽ യുവരാജിനെ വാക്കുകൾ കൊണ്ട് പ്രകോപിപ്പിച്ചത്. ആ രോഷം യുവി തീർത്തതാകട്ടെ സ്റ്റുവർട്ട് ബ്രോഡിനെ നിലംതൊടാതെ ആറ് തുടർ സിക്സറുകൾ പറത്തിയും.

ആ കലി, അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും തകർപ്പൻ പോരാട്ടവീര്യത്തിന്റെ അടയാളമാണ്. മൈതാനമധ്യത്തിൽ വാക്കുകൾ കൊണ്ടല്ല, ബാറ്റ് കൊണ്ടും ബോളു കൊണ്ടുമാണ് വീറ് കാണിക്കേണ്ടതെന്ന് യുവി തെളിയിച്ചു. എന്നാൽ ഫ്ലിന്റോഫിന്റെ വാക്കുകൾക്ക് യുവി മറുപടി നൽകാൻ കാരണം മറ്റൊന്നാണ്. യുവിക്ക് കൂട്ടായി ക്രീസിലുണ്ടായിരുന്ന അന്നത്തെ ക്യാപ്റ്റൻ എം.എസ്.ധോണിയുടെ വാക്കുകൾ.

മുംബൈ മിറർ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ താരം അന്നത്തെ പ്രകടനത്തെ കുറിച്ച് വിശദമായി വിവരിച്ചു. അന്നത്തെ സംഭവം യാദൃശ്ചികമാണെന്നാണ് ഇന്ത്യയുടെ ഏറ്റവും ആക്രമണകാരിയായ ബാറ്റ്സ്‌മാൻ വെളിപ്പെടുത്തിയിരിക്കുന്നത്. 2007 സെപ്റ്റംബർ 19 ലെ രാത്രി ഇന്ത്യൻ ഇന്നിങ്സിലെ 19-ാം ഓവർ എക്കാലത്തെയും മികച്ച ബാറ്റിങ് പ്രകടനത്തിന്റെ തെളിവായി നിൽക്കെ അന്ന് തനിക്ക് ആറ് സിക്സടിക്കാനുള്ള ഒരു പദ്ധതിയുമുണ്ടായിരുന്നില്ലെന്നാണ് യുവി പറഞ്ഞിരിക്കുന്നത്.

“അന്നെനിക്ക് ആ ഓവറിലെ എല്ലാ പന്തും സിക്സടിക്കണമെന്ന ഒരു പദ്ധതിയും ഇല്ലായിരുന്നു. വ്യക്തിപരമായി എനിക്ക് വലിയ സിക്സറുകൾ അടിക്കാൻ ശേഷിയുണ്ട്. അങ്ങിനെയൊന്ന് കൃത്യസമയത്ത് സംഭവിച്ചു എന്ന് മാത്രമേയുള്ളൂ”, യുവി പറഞ്ഞു.

“ഞങ്ങളന്ന് താരതമ്യേന ചെറുപ്പക്കാരും സമ്മർദ്ദങ്ങൾക്ക് അടിപ്പെടാത്തവരുടെയും നിരയായിരുന്നു. ടീമിൽ കേൾവികേട്ട താരങ്ങളുണ്ടാകാത്തത് കൊണ്ട് തന്നെ പ്രതീക്ഷകളും കുറവായിരുന്നു. പക്ഷെ ഞങ്ങൾ നന്നായി കളിച്ചു, കപ്പും നേടി.”

വാഗ്വാദത്തിന് ശേഷം ഫ്ലിന്റോഫ് ക്രീസിലേക്ക് മടങ്ങിയപ്പോൾ ധോണിയെന്താണ് പറഞ്ഞതെന്നും യുവി വെളിപ്പെടുത്തി. “എത്ര ശക്തിയിൽ അടിക്കാമോ അത്രയും ശക്തിയിൽ അടിക്ക് എന്നാണ് ധോണി അന്ന് പറഞ്ഞത്. ഫ്ലിന്റോഫിനോടുണ്ടായ തർക്കത്തെക്കാൾ അന്നെനിക്ക് ഊർജ്ജം നൽകിയത് ധോണിയുടെ വാക്കുകളാണ്. കളിയിലെ അന്നത്തെ എന്റെ ശ്രദ്ധ എക്കാലത്തെയും കൂടുതലായിരുന്നു.” യുവി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ