കറാച്ചി: പാക്കിസ്ഥാൻ ക്രിക്കറ്റിലെ ഇതിഹാസതാരം യൂനിസ് ഖാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിടവാങ്ങുന്നു. വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പര തന്റെ അവസാന പരമ്പരയാകുമെന്ന് യൂനിസ് ഖാൻ അറിയിച്ചു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. 17 വർഷം നീണ്ടു നിന്ന ക്രിക്കറ്റ് ജീവിതത്തിനാണ് 39 വയസ്സുകാരനായ യൂനിസ് ഖാൻ അവസാനം കുറിക്കുന്നത്. പാക്കിസ്ഥാൻ നായകനായ മിസ്ബ ഉൾഹഖും വെസ്റ്റ് ഇൻഡീസ് പരമ്പരയോടെ വിരമിക്കും.

പാക്കിസ്ഥാന്രെ ക്രിക്കറ്റ് ചരിത്രത്തിൽ ഇതിഹാസങ്ങളുടെ നിരയിലായിരിക്കും യൂനിസ് ഖാന്റെ സ്ഥാനം. പേരുകേട്ട ബോളർമാരെ അനായാസം നേരിടുന്ന യൂനിസ് ഖാൻ ടെസ്റ്റ് ക്രിക്കറ്റിലാണ് തന്രെ പ്രതിഭ തെളിയിച്ചത്. ഇൻസമാം ഉൾഹഖും, യൂസഫ് യൊഹാനയും, സയീദ് അൻവറുമൊക്കെ പാക്ക് ക്രിക്കറ്റിനെ അടക്കിവാഴുമ്പോഴാണ് യൂനിസ് ഖാൻ ദേശീയ ടീമിൽ എത്തുന്നത്. 2000ൽ ശ്രീലങ്കയ്ക്ക് എതിരായ ഏകദിനത്തിലായിരുന്നു യൂനിസ് ഖാന്റെ അരങ്ങേറ്റം. ആ വർഷം തന്നെ പാക്കിസ്ഥാന്റെ ടെസ്റ്റ് കുപ്പായത്തിലും യൂനിസ് ഖാൻ അരങ്ങേറി. ലങ്കയ്ക്ക് എതിരെ അരങ്ങേറ്റത്തിൽ സെഞ്ചുറി നേടിയായിരുന്നു യൂനിസ് ഖാന്റെ ടെസ്റ്റ് അരങ്ങേറ്റം. 107 റൺസായിരുന്നു യൂനിസ് ഖാൻ അന്ന് നേടിയത്.

പ്രതിസന്ധികളിൽ പാക്ക് ടീമിനെ കരകയറ്റാൻ എന്നും യൂനിസ് ഖാൻ ഉണ്ടായിരുന്നു. ഇന്ത്യക്ക് രാഹുൽ ദ്രാവിഡ് ആരായിരുന്നുവോ അതേ സ്ഥാനം തന്നെയാണ് യൂനിസ് ഖാന് പാക്ക് ടീമിലും ഉണ്ടായിരുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ 115 മത്സരങ്ങളിൽ​ നിന്ന് 53 റൺസ് ശരാശരിയിൽ 9,977 റൺസാണ് യൂനിസ് ഖാൻ നേടിയത്. ഏകദിനത്തിൽ 265 മത്സരങ്ങൾ കളിച്ച യൂനിസ് ഖാൻ 7,249 റൺസാണ് നേടിയത്. ട്വന്റി-20യിലും യൂനിസ് ഖാൻ തന്രെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. 25 മത്സരങ്ങൾ കളിച്ച യൂനിസ് ഖാൻ ഇംഗ്ലീഷ് മണ്ണിൽ ലോകകപ്പ് നേടിയ ടീമിലെ അംഗവുമാണ്.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് യൂനിസ് ഖാൻ. ‘രാജ്യത്തിനായി എല്ലാ മത്സരങ്ങളിലും ഹൃദയം കൊണ്ടാണ് കളിച്ചത്. ക്രിക്കറ്റിലെ പതിനേഴ് വർഷം തന്നെ സംബന്ധിച്ച് സുവർണ്ണ കാലമാണ്. ഇനി യുവതാരങ്ങൾക്കായി വഴിമാറിക്കൊടുക്കേണ്ടി ഇരിക്കുന്നു “യൂനിസ് ഖാൻ പറയുന്നു. എന്നാലും സ്വന്തം മണ്ണിൽ വച്ച് നടക്കുന്ന മത്സരത്തിൽ വിരമിക്കണം​ എന്ന ആഗ്രഹം നടക്കാത്തതിൽ​ ദുഃഖമുണ്ട് എന്നും യൂനിസ് ഖാൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ