കൊളംബോ: ഇന്ത്യന്‍ ദേശീയ ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഒരുപാട് പേർ മത്സരിക്കുന്നുണ്ടെങ്കിലും വൃദ്ധിമാന്‍ സാഹയിലാണ് സെലക്റ്റര്‍മാര്‍ കൂടുതലും വിശ്വാസമര്‍പ്പിക്കുന്നത്. സ്റ്റമ്പിന് പിറകില്‍ സാഹയുടെ മികവ് തന്നെയാണ് ഇതിന് കാരണം.

ശ്രീലങ്കക്കെതിരെ കൊളംബോയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനിടെ സൂപ്പര്‍ ക്യാച്ചുമായി സാഹ കാണികളുടെ ഹൃദയം കവര്‍ന്നു. സെഞ്ചുറിയുമായി ലങ്കന്‍ ഇന്നിങ്‌സിന് കരുത്തു പകര്‍ന്ന കുശാല്‍ മെന്‍ഡിസിന്റെ നിര്‍ണായക വിക്കറ്റാണ് സാഹ മനോഹരമായ ക്യാച്ചിലൂടെ നേടിയത്.

രണ്ടാം വിക്കറ്റില്‍ ഓപ്പണര്‍ കരുണരത്‌നയുമായി ചേര്‍ന്ന് 191 റണ്‍സിന്റെ കൂട്ടുകെട്ടാണ് മെന്‍ഡിസുണ്ടാക്കിയത്. 54.5-ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ മെന്‍ഡിസിനെ സാഹ പറന്നു പിടിക്കുകയായിരുന്നു. ഗ്രൗണ്ടില്‍ തൊടുന്നതിന് തൊട്ടുമുമ്പ് സാഹ പന്ത് ഗ്ലൗസിനുള്ളിലാക്കി. നേരത്തെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിലും വൃദ്ധിമാന്‍ സാഹ സൂപ്പര്‍മാന്‍ ക്യാച്ചെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ