ഡല്‍ഹി ടെസ്റ്റില്‍ അമ്പയറേയും സഹതാരങ്ങളേയും അമ്പരപ്പിച്ച് രവീന്ദ്ര ജഡേജയുടെ അപ്പീല്‍. നാലാം ദിനം ജഡേജ എറിഞ്ഞ അവസാന ഓവറിലാണ് രസകരമായ രംഗങ്ങള്‍ അരങ്ങേറിയത്. ഓവറിലെ ആദ്യ പന്തിൽ തന്നെ ജഡേജ കരുണരത്‌നയെ വിക്കറ്റിനു പിന്നില്‍ സാഹയുടെ കൈകളിലെത്തിച്ചു. തുടര്‍ന്ന് ബാക്കിയുള്ള ബോളുകള്‍ തട്ടിമുട്ടി രക്ഷപ്പെടാനായിരുന്നു ക്രീസില്‍ നൈറ്റ് വാച്ച്മാനായ ലക്മലിന്റെ ശ്രമം.

ഓവറിലെ നാലാം പന്തിലായിരുന്നു ജഡേജയ്ക്ക് അമളി പറ്റിയത്. ജഡേജ എറിഞ്ഞ ബോള്‍ ഫ്രണ്ട് ഫൂട്ടില്‍ ലക്മല്‍ പ്രതിരോധിച്ചെങ്കിലും പന്ത് സ്റ്റംപിനെ വീഴ്ത്തി. വിക്കറ്റ് കീപ്പറും മറ്റു ഫീല്‍ഡര്‍മാരും ആഘോഷം തുടങ്ങിയപ്പോഴും ലക്മല്‍ ഔട്ടായെന്ന കാര്യം മനസിലാക്കാതെ ജഡേജ എല്‍ബിക്കായി അപ്പീല്‍ ചെയ്യുന്ന തിരക്കിലായിരുന്നു.

ബാറ്റ്സ്മാന്‍ ഔട്ടായശേഷവും ജഡേജയുടെ ഗംഭീര അപ്പീലിങ് കണ്ട് അമ്പയര്‍ പോലും അമ്പരന്നുപോയി. അപ്പോഴും ജഡേജക്ക് എന്താണ് സംഭവിച്ചതെന്ന് വലിയ ധാരണയുണ്ടായിരുന്നില്ല. കോഹ്‌ലി അടക്കമുള്ള സഹതാരങ്ങള്‍ ലക്മല്‍ ബൗള്‍ഡായെന്ന് പറഞ്ഞപ്പോള്‍ നിറഞ്ഞ ചിരിയോടെ ജഡേജ ആഘോഷത്തില്‍ പങ്കു ചേരുകയായിരുന്നു.

പിന്നീട് മത്സരം കഴിഞ്ഞ് ഡ്രസിങ് റൂമിലേക്ക് മടങ്ങുന്പോഴും തനിക്ക് പറ്റിയ അമളിയെ കുറിച്ച് സഹാതാരങ്ങളോട് വിവരിക്കുകയായിരുന്നു ജഡേജ. കോഹ്‌ലി ഇതിനിടയിൽ ജഡേജയെ കളിയാക്കുന്നതും വിഡിയോയിൽ കാണാം:

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ