ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ് മൽസരം ജനുവരി 24ന് ആരംഭിക്കാനിരിക്കെ വെളിപ്പെടുത്തലുമായി പേസർ ആന്ദ്രേ നെൽ. 2006 ൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക പര്യടനത്തിനിടെ മലയാളിയായ ശ്രീശാന്തുമായുണ്ടായ ഉരസലിനെപ്പറ്റിയാണ് നെല്ലിന്റെ തുറന്ന് പറച്ചിൽ. ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാർക്ക് നിരന്തരം ഭീഷണി ഉയർത്തിയ ശ്രീശാന്തിന്റെ തല ലക്ഷ്യമാക്കിയാണ് താൻ പന്തെറിഞ്ഞതെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു.

ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാർക്ക് തലവേദനയായി മാറിയ ശ്രീശാന്തിനെ പരുക്കേൽപ്പിക്കുകയായിരുന്നു തന്രെ ലക്ഷ്യം. അതിനാലാണ് താൻ അദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നും നെൽ വെളിപ്പെടുത്തി. തന്റെ ബൗൺസറുകളും ശ്രീശാന്തിന്റെ തല ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ആന്ദ്രേ നെല്ലിന്റെ ഈ പ്രകോപനത്തിന് ശ്രീശാന്ത് നൽകിയ മറുപടി ക്രിക്കറ്റ് ആരാധകർ മറന്നിട്ടുണ്ടാവില്ല. നെല്ലിന്റെ മാരകമായ പേസിനെ ധൈര്യത്തോടെ നേരിട്ട ശ്രീശാന്ത് കാണികളുടെ കയ്യടി നേടുകയായിരുന്നു. അപകടകരമായ പന്തുകൾക്ക് പിന്നാലെ നെല്ലിന്റെ പ്രകോപനവും കൂടിച്ചേർന്നതോലെ ശ്രീശാന്ത് കലിപ്പിലാവുകയായിരുന്നു.

നെല്ലിന്റെ പന്ത് ഗാലറിയിലേക്ക് പറത്തിയായിരുന്നു ശ്രീശാന്തിന്റെ മറുപടി. ആന്ദ്രേ നെല്ലിന്റെ പന്തിൽ സിക്സർ പറത്തിയതിന് പിന്നാലെ സിക്സർ മൈതാനത്ത് ബാറ്റ് ചുഴറ്റി നൃത്തംവയ്ക്കുകയും നെല്ലിനെ ചീത്തവിളിക്കുകയും ചെയ്തു. മൽസരത്തിന്റെ ആദ്യ ഇന്നിങ്സിൽ ആതിഥേയരായ ദക്ഷിണാഫ്രിക്ക കേവലം 84 റൺസിനാണ് പുറത്തായത്. 40 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്തിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.

ആക്രമണശൈലിയാണ് താൻ പിന്തുടർന്നതെന്നും ശ്രീശാന്തുമായുള്ള ഉരസൽ വ്യത്യസ്തമായ അനുഭവമായിരുന്നുവെന്നും നെൽ പറഞ്ഞു. ശ്രീശാന്റെ ആഹ്ലാദപ്രകടനം കണ്ട് തനിക്കും ചിരിയാണ് വന്നതെന്നും നെൽ ഓർമ്മിച്ചു. മൽസരശേഷം ശ്രീശാന്തിന് ആദ്യം ഹസ്തദാനം നൽകിയത് താനാണെന്നും തങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും നെൽ വെളിപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ