പാക്കിസ്ഥാൻ ടീം ഇംഗ്ലണ്ടിലേക്ക് പോകുന്നത് ഇന്ത്യയെ തോൽപിക്കുക എന്ന ഉദ്ദേശ്യം കൊണ്ട് മാത്രമല്ലെന്നും ചാന്പ്യൻസ് ട്രോഫി കരസ്ഥമാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും മുൻ പാക്കിസ്ഥാൻ നായകനും നിലവിലെ മുഖ്യ സെലക്ടറുമായ ഇൻസമാം ഉൾ ഹഖ്. ‘ഞങ്ങൾ പാക്കിസ്ഥാനിൽ പോകുന്നതിന്റെ പ്രധാന ലക്ഷ്യം ഇന്ത്യയോടുള്ള ജയമല്ല, മറിച്ച് ചാന്പ്യൻസ് ട്രോഫി നേടിയെടുക്കുക എന്നതാണ്’ ഇൻസമാം ദി ഡോണിനോട് വെളിപ്പെടുത്തി.

ഇന്ത്യക്കെതിരെ വിജയിക്കുകയെന്നത് അത്ര വലിയ കാര്യമൊന്നുമല്ലെന്ന് പറഞ്ഞ ഇൻസമാം 2004ലെ ചാന്പ്യൻസ് ട്രോഫിയിൽ ഇത്തവണ ഇന്ത്യയുമായി ഏറ്റുമുട്ടുന്ന അതേ എഡ്ജ്ബാസ്റ്റൺ ഗ്രൗണ്ടിൽ തന്റെ നായകത്വത്തിൽ ഇന്ത്യയെ വീഴ്ത്തിയിട്ടുണ്ടെന്നും ഓർമിപ്പിച്ചു. അതുപോലെ തന്നെ ഇത്തവണയും ഇന്ത്യയെ കീഴടക്കുമെന്നാണ് ഇൻസമാം അവകാശപ്പെടുന്നത്.

ജൂൺ നാലിന് നടക്കുന്ന ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിന് മുൻപായി ബർമിങ്ഹാമിൽ പാക്കിസ്ഥാൻ ടീമിനായി പ്രത്യേക ട്രൈനിങ് ക്യാംപ് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് സന്നാഹ മത്സരങ്ങളാണ് പാക്കിസ്ഥാന് ഉണ്ടാവുക. മെയ് 27ന് ബംഗ്ലദേശിനെതിരെയും 29ന് ഓസ്ട്രേലിയക്കെതിരെയുമാണ് പാക്കിസ്ഥാന്റെ സന്നാഹ മത്സരങ്ങൾ.

നിലവിൽ വെസ്റ്റ് ഇൻഡീസിലുള്ള പാക്ക് ടീമിലെ ഏഴ് പേരോട് ഇപ്പോൾ തന്നെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ പാക്ക് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റുള്ളവർ വെസ്റ്റ് ഇൻഡീസിൽ നിന്ന് നേരിട്ട് ഇംഗ്ലണ്ടിലെത്തുമെന്നും ഇൻസമാം അറിയിച്ചു. പാക്കിസ്ഥാന്റെ ബർമിങ്ഹാമിലെ പരിശീലനം കാണാൻ താൻ നേരിട്ടെത്തുമെന്നും ഇൻസമാം ഉൾ ഹഖ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ