‘വ്യാജ ഫീല്‍ഡിംഗ്’ നടത്തി ബാറ്റ്സ്മാനെ കുഴക്കാന്‍ ശ്രമിച്ച ക്രിക്കറ്റ് താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പിഴ വിധിച്ചു. ഐസിസിയുടെ പുതിയ ചട്ടപ്രകാരമാണ് ഫീല്‍ഡിംഗ് നടത്തിയതായി അഭിനയിച്ചാല്‍ ശിക്ഷയ്ക്ക് വിധേയമാക്കുന്നത്. ഓസ്ട്രേലിയയിലെ ജെഎല്‍ടി വണ്‍ ഡേ കപ്പിനിടയിലാണ് വ്യാജ ഫീല്‍ഡിംഗിന് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഒരു താരത്തിന് പിഴയിട്ടത്.
ക്വീന്‍സ്ലാന്റ് ബുള്‍സും ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനും തമ്മിലുളള മത്സരത്തിനിടെയാണ് സംഭവം. ക്വീന്‍സ്ലാന്റ് താരമായ ലബൂഷൈനാണ് ബാറ്റ്സ്മാന് അടിച്ച പന്തിനായി ചാടി വീണത്. എന്നാല്‍ പന്ത് കൈയില്‍ കിട്ടിയില്ല. ഉടന്‍ തന്നെ പന്ത് കൈയില്‍ കിട്ടിയതായി അഭിനയിച്ച താരം ബാറ്റ്സ്മാനെ കുഴക്കാനായി പന്ത് തിരിച്ച് എറിയുന്നത് പോലെ ഭാവിച്ചു. പന്ത് കിട്ടിയെന്ന് കരുതിയ ഇരു ബാറ്റ്സ്മാന്മാരും തിരിച്ചോടാന്‍ ശ്രമവും നടത്തി.
ക്വീന്‍സ്ലാന്റ് താരത്തിന്റെ ഈ പ്രവൃത്തിയില്‍ ഉടന്‍ തന്നെ അമ്പയര്‍മാര്‍ ഇടപെട്ടു. മനപ്പൂര്‍വ്വമായി നടത്തിയ കുറ്റമായത് കൊണ്ട് തന്നെ ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് അഞ്ച് റണ്‍സ് നല്കാന് അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. കടുത്ത കുറ്റങ്ങള്‍ ആണ് ചെയ്തതെങ്കില്‍ കളിക്കാരെ ഫുട്ബോളിലേത് പോലെ കളത്തിന് പുറത്തേക്ക് പറഞ്ഞയക്കാനും ഐസിസിയുടെ പുതിയ ചട്ടം ഭേദഗതി ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ