ദീർഘനാളത്തെ പ്രണയത്തിന് ശേഷം വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും വിവാഹിതരായിരിക്കുകയാണ്. ഇറ്റലിയിലെ മിലാനിലെ സ്വകാര്യ റിസോർട്ടിൽവെച്ചാണ് ഇരുവരു വരണ്യമാല്യം ചാർത്തിയത്. വിവാഹ വാർത്ത വിരാട് കോഹ്ലി ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. വിവാഹത്തിന്റെ ചിത്രങ്ങളും വിരാട് കോഹ്‌ലി ട്വിറ്ററിലൂടെ പങ്ക്‌വെച്ചിട്ടുണ്ട്. ഹൈന്ദവ ആചാരപ്രകാരമാണ് വിവാഹം നടന്നത്. ഇരുവരുടെയും രക്ഷിതാക്കളും അടുത്ത ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു.

ഈ മാസം 21ന് ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചെത്തും. ബന്ധുക്കൾക്കായി അന്ന് ഒരു വിവാഹപാർട്ടി ഒരുക്കിയിട്ടുണ്ട്. ഡിസംബർ 26നാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കും ബോളിവുഡ് താരങ്ങൾക്കുമായുള്ള വിവാഹ സൽക്കാരം. തുടർന്ന് ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ദക്ഷിണാഫ്രിക്കയിൽവച്ചായിരിക്കും ഇരുവരും ന്യൂ ഇയർ ആഘോഷിക്കുക.

മിലാനിലെ സ്വകാര്യ റിസോർട്ടിൽവെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഇരുവരുടെയും കുടുംബാഗങ്ങളും അടുത്ത സുഹൃത്തുക്കളും വിവാഹ ചടങ്ങുകളിൽ പങ്കെടുത്തു. ഒരുമിച്ചുള്ള ഇരുവരുടേയും യാത്രകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റാകുമ്പോഴും ആരാധകര്‍ അന്വേഷിച്ചിരുന്നത് ഇവരുടെ വിവാഹക്കാര്യമായിരുന്നു.

ലോകപ്രശസ്തമായ ബോർഗോ ഫിനോച്ചെറ്റീയോ എന്ന റിസോർട്ടിൽവെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. 22 ബെഡ്റൂമുകൾ മാത്രമുള്ള റിസോർട്ടിൽ വലിയ സുരക്ഷ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ശ്രീലങ്കയ്ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളിൽനിന്ന് കോഹ്‍ലിക്ക് വിശ്രമം അനുവദിച്ചതോടെ താരം വിവാഹിതനാകാൻ പോകുന്നുവെന്ന അഭ്യൂഹം ശക്തമായിരുന്നു.

കഴിഞ്ഞദിവസം പുലർച്ചെ അനുഷ്കയെയും കുടുംബാംഗങ്ങളെയും മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ കണ്ടതോടെ വിവാഹ വാർത്ത ആരാധകർ ഏകദേശം ഉറപ്പിക്കുകയും ചെയ്തു. സഹോദരൻ കർണേഷിനും മാതാപിതാക്കൾക്കുമൊപ്പം അനുഷ്ക ഇറ്റലിയിലേക്കു പോയെന്നായിരുന്നു റിപ്പോർട്ട്.

വർഷങ്ങളായി അടുപ്പത്തിലായിരുന്ന ഇരുവരും 2015 ൽ പിരിഞ്ഞതായി വാർത്തകൾ വന്നുവെങ്കിലും വീണ്ടും ഒരുമിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ