ദുബായ്: ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ റൺസ് കണ്ടെത്താൻ വിഷമിക്കുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് റാങ്കിങ്ങിൽ വീണ്ടും തിരിച്ചടി. മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന വിരാട് കോഹ്‌ലി നാലാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടിരിക്കുകയാണ്. ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ ആണ് വിരാട് കോഹ്‌ലിയെ ഒരു പടി താഴെ ഇറക്കിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ സെഞ്ചുറി നേടിയതോടെയാണ് കെയ്ൻ വില്യംസൺ വിരാട് കോഹ്‌ലിയെ പിന്തള്ളിയത്. കെയ്ൻ വില്യംസൺ മുന്നേറ്റം നടത്തിയപ്പോൾ ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ടിനും ഒരു പടി ഇറങ്ങേണ്ടി വന്നു. നിലവിൽ കെയ്ൻ വില്യംസണാണ് റാങ്കിൽ രണ്ടാം സ്ഥാനത്ത്. ജോ​ റൂട്ട് മൂന്നാം സ്ഥാനത്തും വിരാട് കോഹ്‌ലി നാലാം സ്ഥാനത്തും എത്തി.

ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ അഞ്ചാമതും ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര ആറാം സ്ഥാനത്തുമാണ്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നതിന് മുമ്പ് സ്മിത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു കോഹ്‌ലി.
കോഹ്‌ലിയും പൂജാരയുമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. രഹാനെ പതിനഞ്ചാം സ്ഥാനത്താണ്.

ബോളിങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ അശ്വിനും ജഡേജയും തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ അശ്വിന്‍ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റില്‍ തിളങ്ങാന്‍ കഴിയാതിരുന്ന ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അശ്വിന്‍ വീണ്ടും ഒന്നാമതായത്. ജഡേജയാണ് മൂന്നാം സ്ഥാനത്ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ