ദുബായ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ അംപയറോട് മോശമായി പെരുമാറിയതിന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് പിഴ. മാച്ച് ഫീസിന്രെ 25 ശതമാനം വിരാട് കോഹ്‌ലി പിഴയടക്കണം.

ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിനിടെയാണ് വിവാദമായ സംഭവം നടക്കുന്നത്. മഴയ്ക്ക് ശേഷം മൽസരം പുനരാരംഭിച്ചപ്പോൾ പന്തിന് സ്വിങ് നഷ്ടപ്പെട്ടിരുന്നു. ഔട്ട്ഫീൽഡിലെ നനവ് മൂലമാണ് പന്തിന്റെ സ്വിങ്ങ് നഷ്ടമായതെന്ന് കോഹ്‌ലി അംപയർമാരോട് പരാതിപ്പെട്ടിരുന്നു.

25-ാം ഓവറിൽ അംപയർ മൈക്കൽ ഗഫിനോട് പരാതി പറയാൻ എത്തിയ കോഹ്‌ലി അംപയറുമായി വാഗ്‌വാദത്തിൽ ഏർപ്പെടുകയും പന്ത് നിലത്തേക്ക് വലിച്ചെറിയുകയും ചെയ്തു.

ഈ സംഭവം ശ്രദ്ധയിൽപ്പെട്ട മാച്ച് റഫറി​ ക്രിസ് ബ്രോഡ് കോഹ്‌ലിക്കെതിരെ പരാതിയും നൽകി. തുടർന്ന് അംപയർമാരായ മൈക്കൽ ഗഫിന്റെയും പോൾ റൈഫലന്റിയും മൊഴികൾ എടുത്ത അച്ചടക്കസമിതി കോഹ്‌ലിക്കെതിരെ പിഴ ചുമത്തുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ