അണ്ടർ 19 ലോകകപ്പിലെ ആദ്യ മൽസരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 327 റൺസ് എടുത്തു. അർധസെഞ്ചുറി നേടിയ പൃഥ്വി ഷാ, ശുഭ്മാൻ ഗിൽ, മൻജോത് കൽറ എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആക്രമണ​ ശൈലിയിൽ ബാറ്റ് വീശിയ പൃഥ്വി ഷായും മൻജോത് കൽറയും ഓസ്ട്രേലിയൻ ബോളർമാരെ വേട്ടയാടി. സച്ചിൻ തെൻഡുൽക്കറുടെ ഷോട്ടുകളെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് പൃഥ്വി ഷാ കാഴ്ചവച്ചത്. ഒന്നാംവിക്കറ്റിൽ ഇരുവരും ചേർന്ന് 180 റൺസാണ് അടിച്ച് കൂട്ടിയത്. 100 പന്തിൽ 94 റൺസ് എടുത്ത പൃഥ്വിയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. സതേർലാൻഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഹോൾട്ടിന് ക്യാച്ച് നൽകിയാണ് പൃഥ്വിയുടെ മടക്കം. 8 ഫോറും 2 സിക്സറുകളും അടങ്ങുന്നതായിരുന്നു​ ഇന്ത്യൻ നായകന്റെ ഇന്നിങ്സ്.

രണ്ടാം വിക്കറ്റിൽ ഒന്നിച്ച വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും മൻജോതും ഓസ്ട്രേലിയൻ ബോളർമാരോട് കരുണ കാട്ടിയില്ല. 99 പന്തിൽ 86 റൺസാണ് മൻജോത് നേടിയത്. 64 പന്തിൽ 63 റൺസാണ് ശുഭ്മാൻ ഗിൽ നേടിയത്. ഓസ്ട്രേലിയൻ ഫീൽഡർമാരുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 5 ക്യാച്ചുകളാണ് ഓസ്ട്രേലിയൻ ഫീൽഡർമാർ കൈവിട്ടത്.

തന്റെ 9 ഓവറില്‍ 65 റണ്‍സ് നല്‍കി 4 വിക്കറ്റ് വീഴ്ത്തിയ ജാക്ക് എഡ്വേര്‍ഡ്സ് ആണ് ഓസ്ട്രേലിയന്‍ ബോളര്‍മാരില്‍ മുന്‍ നിരയില്‍ നിന്നത്. ഓസ്റ്റിന്‍ വോ, വില്‍ സത്തര്‍ലാണ്ട്, പരം ഉപ്പല്‍ എന്നിവരാണ് ഓസ്ട്രേലിയയുടെ മറ്റു വിക്കറ്റ് വേട്ടക്കാര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ