ഓക്‌ലൻഡ്: അണ്ടർ 19 ലോകകപ്പിലെ അവസസാന ഗ്രൂപ്പ് മൽസരത്തിലും ഇന്ത്യക്ക് തകർപ്പൻ ജയം. എതിരാളികളായ സിംബാബ്‌വെയെ 10 വിക്കറ്റിനാണ് ഇന്ത്യയുടെ ചുണക്കുട്ടികൾ തോൽപ്പിച്ചത്. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യൻമാരായ ഇന്ത്യ ക്വാർട്ടറിലേക്ക് കടന്നു. 69 പന്തിൽ 96 റൺസ് നേടിയ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലാണ് കളിയിലെ താരം.

ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ സിംബാബ്‌വെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ഇന്ത്യൻ പേസർമാർ സിംബാബ്‌വെയുടെ മധ്യനിരയെ തകർത്തു. 4 റൺസ് എടുത്ത ഡോളറിന്റെ വിക്കറ്റ് പിഴുത് ശിവം മാവിയാണ് വിക്കറ്റ്‌വേട്ടയ്ക്ക് തുടക്കമിട്ടത്.

മധ്യഓവറുകളിൽ പന്തെടുത്ത സ്പിന്നർമാരും അപകടകാരികൾ ആയതോടെ സിംബാബ്‌വെ പതറുകയായിരുന്നു. 20 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത ഇടങ്കയ്യൻ സ്പിന്നർ അനുകൂൽ റോയിയാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. അഭിഷേക് ശർമ്മ, അർഷ്ദീപ് സിങ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. ഓടുവിൽ 48.1 ഓവറിൽ സിംബാബ്‌വെ 154 റൺസിന് പുറത്താവുകയായിരുന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തിയിരുന്നു. പൃഥ്വി ഷായ്ക്കും, മൻജോത് കൽറയ്ക്കും പകരം ഉപനായകൻ ശുഭ്മാൻ ഗില്ലും ഹാർവിക് ദേശായിയുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ആക്രമണ ശൈലി തുടർന്ന ഇരുവരും ഇന്ത്യയുടെ അനായാസം വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. 69 പന്ത് നേരിട്ട ശുഭ്മാൻ ഗിൽ 96 റൺസാണ് നേടിയത്. 14 ഫോറും 1 സിക്സറും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്സ്. 73 പന്ത് നേരിട്ട ദേശായി 56 റൺസാണ് നേടിയത്. 21.4 ഓവറിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ