ദക്ഷിണാഫ്രിക്കയിൽ ഹാർദിക് പാണ്ഡ്യയുടെ പ്രകടനം മോശമായിരിക്കും എന്നു പ്രവചിച്ച പാക്കിസ്ഥാൻ ആരാധകനെ തേടിപ്പിടിച്ച് ട്രോളിൽ മുക്കി ഇന്ത്യൻ ആരധകർ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു മുൻപായാണ് പാണ്ഡ്യയ്ക്ക് ദക്ഷിണാഫ്രിക്കയിൽ മികച്ച പ്രകടനം നടത്താൻ കഴിയില്ലെന്നും ആർ.എസ്.സോധി, സ്റ്റുവർട്ട് ലിറ്റിൽ ബിന്നി, ജോഗി ശർമ്മ തുടങ്ങിയ പരാജയപ്പെട്ട ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റിൽ ആയിരിക്കും പാണ്ഡ്യയും ഉണ്ടാവുകയെന്നാണ് പാക് ആരാധകനായ അഹമ്മദ് ട്വീറ്റ് ചെയ്തത്. ഹാർദിക് പാണ്ഡ്യയെ ‘ഹാർപ്പിക് പാണ്ഡ്യ’ എന്നു കളിയാക്കി വിളിക്കുകയും ചെയ്തിരുന്നു.

അഹമ്മദിന്റെ ട്വീറ്റ് പുറത്തുവന്നിട്ട് 27 ദിവസം പിന്നിടുമ്പോഴാണ് ഇന്ത്യൻ ആരാധകർ തിരിഞ്ഞുകുത്തിയത്. ദക്ഷിണാഫ്രിക്കയുമായുളള ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നാണക്കേടിൽനിന്നും രക്ഷിച്ച ഹാർദിക് പാണ്ഡ്യയുടെ പ്രകടനം ചൂണ്ടിക്കാട്ടിയാണ് പാക് ആരാധകനെ ട്രോളിൽ പൊതിഞ്ഞത്. അഹമ്മദിന്റെ ട്വീറ്റ് തേടി പിടിച്ചാണ് ഇന്ത്യൻ ആരാധകർ പൊങ്കാല ഇടുന്നത്. അഹമ്മദ് ജീവിച്ചിരുപ്പുണ്ടോയെന്നാണ് പലരും ഇപ്പോൾ ചോദിക്കുന്നത്.

ആദ്യ ഇന്നിങ്സിൽ 93 റൺസ് എടുക്കുന്നതിനിടെ 7 വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ ഭുവനേശ്വർ കുമാറിനെ കൂട്ടുപിടിച്ച് 200 ൽ കടത്തിയത് ഹാർദിക് പാണ്ഡ്യ ആയിരുന്നു. ഒരു ഘട്ടത്തിൽ 100 റൺസ് കടക്കുമോയെന്ന് സംശയിച്ച ഇന്ത്യയെ ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് പാണ്ഡ്യ മുന്നോട്ടു നയിച്ചത്. 93 റൺസെടുത്ത് പുറത്താകുന്നതുവരെ പാണ്ഡ്യ ഒറ്റയാൾ പോരാട്ടം തുടർന്നു. 14 ബൗണ്ടറികളും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു പാണ്ഡ്യയുടെ ഇന്നിങ്സ്. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ രണ്ടു വിക്കറ്റും പാണ്ഡ്യ പിഴുതു. ഇതും കൂടി ആയപ്പോൾ ദക്ഷിണാഫ്രിക്കൻ മണ്ണിൽ വിജയം നേടാൻ പോകുന്നത് പാണ്ഡ്യയാണെന്ന് ക്രിക്കറ്റ് ലോകം തന്നെ അംഗീകരിച്ച മട്ടാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ