2014ല്‍ കോഹ്ലിയോട് വിവാഹ അഭ്യര്‍ത്ഥന പരസ്യമായി നടത്തിയ ഇംഗ്ലീഷ് വനിത ക്രിക്കറ്റ് താരം ഡാനില്ലി വൈറ്റിനെ ട്വിറ്ററില്‍ ട്രോളുകയാണ് കോഹ്ലി ആരാധകര്‍. വൈറ്റ് അന്ന് ട്വിറ്ററിലിട്ട വിവാഹാഭ്യര്‍ത്ഥനയില്‍ കോഹ്ലിയുടെ പേര് തെറ്റിച്ചായിരുന്നു ഡാനില്ലി വൈറ്റ് എഴുതിയിട്ടുണ്ടായിരുന്നത്. ഇതേ തെറ്റ് തന്നെ ഇത്തവണയും ആവര്‍ത്തിച്ചതാണ് ട്വിറ്റര്‍ ഉപയോക്താക്കളെ ചൊടിപ്പിച്ചത്.

ഇംഗ്ലീഷ് താരം 2014ല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കിടെ കോഹ്ലിയുടെ തകര്‍പ്പന്‍ പ്രകടനം കണ്ടാണ് തന്നെ വിവാഹം കഴിക്കുമോയെന്ന് പരസ്യമായി ചോദിച്ചത്. പിന്നീട് ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിക്കാനെത്തിയ കോഹ്ലിയെ വൈറ്റ് നേരിട്ട് കണ്ടിരുന്നു. പിന്നീട് സുഹൃത്തുക്കളായ ഇരുവരും ഗോസിപ്പ് കോളങ്ങളിലും ഇടംപിടിച്ചു. എന്നാല്‍ കോഹ്ലി ഡാനില്ലിക്ക് ഒരു ബാറ്റ് സമ്മാനമായി നല്‍കിയതാണ് പുതിയ വാര്‍ത്തയ്ക്കാധാരം.

കോഹ്ലി നല്‍കിയ ബാറ്റിന്റെ ചിത്രം ഡാനില്ലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ആകാംക്ഷ കൊണ്ട് കാത്തിരിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ ട്വീറ്റില്‍ ബാറ്റിന്റെ താഴെയാണ് വിരാട് കോഹ്ലിയുടെ പേര് തെറ്റിച്ച് എഴുതിയിരിക്കുന്നത്. Virat Kohli എന്നതിന് പകരം Virat Kholi എന്നാണ് ഡാനില്ലി എഴുതിയത്. രണ്ടാമതും അക്ഷരം തെറ്റിച്ച് എഴുതിയ ഡാനില്ലിയെ ചിലര്‍ പരിഹസിച്ചപ്പോള്‍ മറ്റ് ചിലര്‍ പിന്തുണച്ചും രംഗത്തെത്തി. പ്രണയത്തിനാണ് പ്രാധാന്യമെന്നും അക്ഷരപ്പിശകിന് അല്ലെന്നും ചിലര്‍ ഡാനില്ലിയെ പിന്തുണച്ച് ട്വീറ്റ് ചെയ്തു. ഇത് ആദ്യമായല്ല കോഹ്ലി സുഹൃത്തുക്കള്‍ക്ക് ബാറ്റ് സമ്മാനമായി നല്‍കുന്നത്. പാക് ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് ആമിറിനും ഷാഹിദ് അഫ്രിദിക്കും ഈയടുത്താണ് കോഹ്ലി ബാറ്റ് സമ്മാനമായി നല്‍കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ