ന്യൂഡല്‍ഹി: കുല്ഭൂഷണ് യാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാന്റെ നടപടി റദ്ദാക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ആവശ്യപ്പെട്ട ഇന്ത്യയുടെ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് കുല്‍ഭൂഷന്റെ വധശിക്ഷ കോടതി സ്റ്റേ ചെയ്തത്. അന്തിമ വിധി ഉണ്ടാകുന്നത് വരെ വധശിക്ഷ നടപ്പാക്കരുതെന്നാണ് കോടതി നിര്‍ദേശം. പാക്കിസ്ഥാനെതിരെ അന്താരാഷ്ട്ര കോടതിയിലെ ഇന്ത്യയുടെ വിജയം രാജ്യത്തെ ജനങ്ങളും സ്വീകരിച്ചു.
മധുരം വിതരണം ചെയ്താണ് കുല്‍ഭൂഷണിന്റെ കുടുംബം രാജ്യാന്തര കോടതി വിധി സ്വാഗതം ചെയ്തത്. ഇന്ത്യന്‍ വിജയത്തിലുള്ള സന്തോഷം ക്രിക്കറ്റ് താരങ്ങള്‍ അടക്കമുള്ളവര്‍ ട്വീറ്റിലൂടെ പങ്കുവെച്ചു. ‘സത്യമേവ ജയതേ #കുല്ഭൂഷണ് #ജാദവ്’ എന്നാണ് വിരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തത്. നിരവധി പാക്കിസ്ഥാനികള്‍ വിമര്‍ശനങ്ങളുമായി എത്തുകയും ചെയ്തു.
‘അന്തിമവിധി വരാനുണ്ടെന്നും തങ്ങള്‍ വേണമെങ്കില്‍ ജാദവിനെ തൂക്കിക്കൊല്ലുമെന്നും എവിടെ വേണമെങ്കിലും പരാതിയുമായി പോകാമെന്നും സെവാഗിനെ പ്രകോപിപ്പിക്കാനായി ഒരാള്‍ മറുപടി ട്വീറ്റ് ചെയ്തു. ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കുകയെന്ന നടക്കാത്ത സ്വപ്നം പോലെയാണ് ഈ ചിന്തയെന്നാണ് സെവാഗ് മറുപടി നല്‍കിയത്.
മുന്‍ ക്രിക്കറ്റ് താരമായ മുഹമ്മദ് കൈഫും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് പാക്കിസ്ഥാനികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇന്ത്യയ്ക്ക് അഭിനന്ദനമെന്നും നീതി നടപ്പിലാക്കിയ അന്താരാഷ്ട്ര കോടതിക്ക് നന്ദിയെന്നുമാണ് കൈഫ് ട്വീറ്റ് ചെയ്തത്. ‘ആദ്യം പേരിന്റെ തുടക്കത്തില്‍ നിന്നും മുഹമ്മദ് എന്ന പേരെടുത്ത് മാറ്റണമെന്നാണ്’ ഒരാള്‍ കൈഫിന് നല്കിയ നിര്‍ദേശം. എന്നാല്‍ എന്റെ പേരില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും ആദ്യം താങ്കള്‍ പോയൊരു ജീവിതം ഉണ്ടാക്കെന്നും കൈഫ് തരിച്ചടിച്ചു.
റോണി എബ്രഹാം അദ്ധ്യക്ഷനായ അന്താരാഷ്ട്ര കോടതിയുടെ 11 അംഗ ബെഞ്ചാണ് കുല്ഭൂഷണ് കേസില്‍ വിധി പ്രസ്താവിച്ചത്. ജാദവിനെ തടവിലാക്കിയതുമായി ബന്ധപ്പെട്ട വിരങ്ങള്‍ ഇന്ത്യയുമായി പങ്കുവെക്കുന്നതില്‍ പാക്കിസ്ഥാൻ പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ അന്താരാഷ്ട്ര കോടതിക്ക് ഇടപെടാനാകില്ലെന്ന പാക്ക് വാദവും കോടതി തള്ളിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ