കൊച്ചി: വോളിബോൾ ഭരണസമിതിയിലും മാറ്റങ്ങൾ അനിവാര്യമാണെന്ന് വോളിബോൾ താരം ടോം ജോസഫ്. സംസ്ഥാനതലത്തിൽ സ്ഥാനങ്ങൾ കുത്തകപോലെയാണെന്നും സ്വാധീനമുളളവർക്ക് എന്തും ആകാമെന്ന അവസ്ഥയാണെന്നും അർജുന അവാർഡ് ജേതാവും മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റനുമായ ടോം ജോസഫ് ഫെയ്‌സ്ബുക്ക് പോസ്‌റ്റിൽ ആരോപിച്ചു.

ദേശീയ തലത്തിലും കേരളത്തിലും ഫെഡറേഷനിലും അസോസിയേഷനിലും സ്ഥാനമുറപ്പിക്കാൻ പലരും വൃത്തികെട്ട കളികളാണ് നടത്തുന്നത്. മാന്യതയുടെ മുഖംമൂടി അണിഞ്ഞവരാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നും ഇതുകൊണ്ടാണ് വോളിബോൾ ഫെഡറേഷൻ സസ്‌പെൻഷനിലെത്തിയതെന്നും ടോം ആരോപിക്കുന്നു.

വോളിബോൾ ഭരണസമിതിയിൽ മാറ്റങ്ങളുണ്ടായില്ലെങ്കിൽ നാളെ പപ്പനും ജിമ്മി ജോർജിനുമൊന്നും പിന്മുറക്കാരില്ലാതാകുമെന്നും വോളി ഓർമ മാത്രമാകുമെന്നും ടോം ഓർമിപ്പിക്കുന്നു.

tom-joseph-fbpost-220117

ടോം ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം:

24 കൊല്ലമായി വോളിബോൾ കളിക്കാൻ തുടങ്ങിയിട്ട്. ദേശീയ തലത്തിലും രാജ്യാന്തര തലത്തിലുമൊക്കെ എന്റേതായ അടയാളപ്പെടുത്തൽ നടത്താനായെന്നാണെന്റെ വിശ്വാസം. എന്നാൽ ഞങ്ങളെപോലുള്ളവരൊന്നും കളിക്കാരെ അല്ലന്നു തിരിച്ചറിയുന്നത് കളത്തിന് പുറത്തെകളി കാണുമ്പോഴാണ്. അത് ദേശീയ തലത്തിലായാലും ഇങ്ങ് കേരളത്തിലായാലും. ഫെഡറേഷനിലും, അസോസിയഷനിലും സ്ഥാനമുറപ്പിക്കാൻ ഇത്തരക്കാർ നടത്തുന്ന വൃത്തികെട്ട കളികൾ. മാന്യൻമാർക്കുകഴിയില്ല. മാന്യതയുടെ മുഖംമൂടിയണിഞ്ഞവർക്കെ പറ്റു. അതുകൊണ്ടാണ് വോളിബോൾ ഫെഡറേഷൻ സസ്പെൻഷനിലെത്തിയത്.

പ്രവൃത്തികൾ കളിയുടെ ഉന്നതിക്കും പുരോഗതിക്കും ആകണം. സംസ്ഥാനതലത്തിൽ സ്ഥാനങ്ങൾ കുത്തകപോലെയാണ്. സ്വാധീനമുള്ളവർക്ക് എന്തും ആകാലൊ. വോളിബോൾ ഭരണസമിതിയിലും മാറ്റങ്ങൾ അനിവാര്യമാണ്. അല്ലെങ്കിൽ പപ്പനും ജിമ്മി ജോർജിനും ഏലമ്മക്കും സലൊമി രാമുവിനുമൊന്നും പിൻമുറക്കാരുണ്ടായില്ലെന്നും വോളി നമുക്ക് ഓർമ്മമാത്രമാവുകയും ചെയ്തേക്കാം….

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ