ഇംഗ്ലണ്ടില്‍വെച്ച് ആസിഡ് ആക്രമണത്തിനിരയായെന്ന വാർത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തി ബംഗ്ലാദേശ് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ തമീം ഇഖ്ബാല്‍. ആസിഡ് ആക്രമണത്തിനിരയായെന്ന വാര്‍ത്തകള്‍ തമീം തള്ളി. ഫെയ്സ്ബുക്കിലൂടെയാണ് തമീം ഇക്കാര്യം വെളിപ്പെടുത്തിയത്.

കൗണ്ടി ക്ലബ്ബായ എസെക്‌സിന് വേണ്ടി കളിക്കാനാണ് തമീം ഇംഗ്ലണ്ടിലെത്തിയിരുന്നത്. എന്നാല്‍ ടൂര്‍ണമെന്റ് തീരുന്നതിന് മുമ്പെ താരം നാട്ടിലേക്ക് മടങ്ങി. തമീമിനും കുടുംബത്തിനും നേരെ ഇംഗ്ലണ്ടില്‍ വെച്ച് ആസിഡ് ആക്രമണം ഉണ്ടായതായും ഇതിനാലാണ് താരം മടങ്ങിയതെന്നുമാണ് ഒരു ബംഗ്ലാദേശി മാധ്യമത്തില്‍ റിപ്പോര്‍ട്ട് വന്നത്. ബംഗ്ലാദേശ് ക്രിക്കറ്റുമായി ബന്ധപ്പെട്ടൊരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചായിരുന്നു പത്രം വാര്‍ത്ത നല്‍കിയിരുന്നത്.

കുടുംബത്തോടൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഒരാള്‍ ആസിഡ് എറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് താരം സംഭവത്തിലെ നിജസ്ഥിതി വെളിപ്പെടുത്തി രംഗത്തുവന്നത്. അങ്ങനെയൊന്നു സംഭവിച്ചിട്ടില്ലെന്നും വാര്‍ത്തകള്‍ തെറ്റാണെന്നും തമീം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. വ്യക്തിപരായ ചില കാരണങ്ങള്‍കൊണ്ടാണ് ഇംഗ്ലണ്ടില്‍ നിന്ന് നേരത്തെ മടങ്ങേണ്ടിവന്നത്, ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലമാണ് ഇംഗ്ലണ്ടെന്നും എസെക്‌സ് ക്ലബ്ബില്‍ പൂര്‍ണ തൃപ്തനാണെന്നും ഭാവിയിലും ഇവിടേക്ക് കളിക്കാനായി പോകുമെന്നും താരം ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ മിന്നും ഫോമിലായിരുന്നു തമീം ഇഖ്ബാല്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍ കൂടിയാണ് തമീം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ