തങ്ങളുടെ കൊച്ചി ആസ്ഥാനമായ ഫ്രാഞ്ചൈസി കേരള കോബ്രയുടെ ബ്രാന്‍ഡ് അംബാസിഡറും സഹ ഉടമയുമായി, പ്രീമിയര്‍ ഫുട്‌സാല്‍ സണ്ണി ലിയോണിന്റെ പേര് പ്രഖ്യാപിച്ചു. മുംബൈയില്‍ ഈ മാസം 15ന് പ്രീമിയര്‍ ഫുട്‌സാലിന്റെ രണ്ടാം സീസണ്‍ ആരംഭിക്കാനിരിക്കെയാണ് പ്രഖ്യാപനം. മുംബൈയിലെ നാഷ്ണല്‍ സ്‌പോര്‍ട്‌സ് ക്ലബ് ഓഫ് ഇന്ത്യയില്‍ 17ാം തിയതി വരെയായിരിക്കും മാച്ചുകള്‍ നടക്കുക.

അടുത്ത ഘട്ട മാച്ചുകള്‍ ബെഗളൂരുവിലെ കോറമംഗള ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഈ മാസം 19 മുതല്‍ 24 വരെ അരങ്ങേറും. സെമി ഫൈനലും ഫൈനലും ഈ മാസം 26 മുതല്‍ ഒക്ടോബര്‍ ഒന്നു വരെ ദുബായില്‍ നടക്കുമെന്ന് പത്രക്കുറിപ്പില്‍ പ്രീമിയര്‍ ഫുട്‌സാല്‍ അറിയിച്ചു.

ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ ലൂയിസ് ഫിഗോ, റിയാന്‍ ഗിഗ്‌സ്, പോള്‍ സ്‌കോട്‌സ്, ഹെര്‍നാന്‍ ക്രെസ്‌പോ, മൈക്കല്‍ സാല്‍ഗോഡോ, ഫാല്‍കാവോ, റൊണാള്‍ഡിനോ എന്നിവരും ഈ സീസണില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രീമിയര്‍ ഫുട്‌സാല്‍ ലോകത്തിലെ ഏറ്റവും വലിയ ഫുട്‌സാല്‍ പ്രമോഷന്‍സ് കമ്പനിയാണ്. മുന്‍കാല ഫുട്‌ബോള്‍ സൂപ്പര്‍സ്റ്റാറുകള്‍, ലോകത്തിലെ മികച്ച നിലവാരത്തിലുള്ള ഫുട്‌സാല്‍ കളിക്കാര്‍, കഴിവുള്ള പ്രാദേശിക താരങ്ങള്‍ എന്നീ മൂന്നു തലത്തിലുള്ള ആളുകളാണ് ഇതില്‍ ഉള്ളത്. 2016ലായിരുന്നു ഇതിന്റെ ആദ്യ ഘട്ടം നടന്നത്. 10 ലക്ഷം കാഴ്ചക്കാരാണ് അന്നുണ്ടായിരുന്നത്. ബെംഗളൂരു, ചെന്നൈ, ഗോവ, കൊച്ചി, കൊല്‍ക്കത്ത, മുംബൈ എന്നീ ആറു ടീമുകളാണ് നിലവില്‍ ഫുട്‌സാലില്‍ ഉള്ളത്. കുട്ടി ഫുട്ബോൾ എന്നാണ് ഫുട്സാൽ പൊതുവിൽ അറിയപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ