മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാണിച്ചതിന് പ്രതിക്കൂട്ടിലായ സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയന്‍ നായകസ്ഥാനം ഒഴിഞ്ഞു. ഉപനായകനായ ഡേവിഡ് വാര്‍ണറും തത്‍സ്ഥാനം ഒഴിഞ്ഞു. ടീം പെയിനാണ് താത്കാലികമായി ഓസ്ട്രേലിയയെ നയിക്കുക.

സ്റ്റീവ് സ്മിത്തിനെ നായകസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സ്മിത്ത് രാജിവെച്ചത്. രാജ്യത്തിന് അവമതിപ്പുണ്ടാക്കുന്ന നടപടിയാണ് ഇതെന്ന് ഓസ്ട്രേലിയന്‍ സ്പോര്‍ട്സ് കമ്മീഷന്‍ അറിയിച്ചു.

സ്മിത്ത് കുറ്റസമ്മതം നടത്തിയതോടെയാണ് സര്‍ക്കാര്‍ പരസ്യമായി രംഗത്തെത്തിയത്. പരിശീലകനും ക്രമക്കേടിന് കൂട്ടുനിന്നവര്‍ക്കും എതിരെ കമ്മീഷന്‍ നടപടിയെടുക്കും. ടീം നേതൃത്വത്തിന്റെ അറിവോടെയാണ് കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചതെന്ന് സ്മിത്ത് തുറന്നു സമ്മതിച്ചു.

പരിശീലകന്‍ അടക്കമുളളവര്‍ക്ക് ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നതായാണ് സ്മിത്തിന്റെ പ്രതികരണത്തിലൂടെ വ്യക്തമാക്കുന്നത്. ‘നേതൃത്വ സംഘത്തിന് ഇതിനെ കുറിച്ച് അറിയാം’ എന്നാണ് സ്മിത്ത് പറഞ്ഞത്. എന്നാല്‍ മറ്റ് ഏതൊക്കെ കളിക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ‘തെറ്റ് സമ്മതിക്കുന്നു. വലിയ തെറ്റാണ് പറ്റിയത്. നേതൃത്വത്തിന് ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നു. എന്റേയും പിന്തുണയോടെയാണ് ഇത് നടന്നത്. എന്നാല്‍ നായകസ്ഥാനം ഒഴിയാന്‍ ഉദ്ദേശിക്കുന്നില്ല. ഈ ജോലിക്ക് ഞാനാണ് യോജിച്ച വ്യക്തിയെന്ന് എനിക്ക് ഇപ്പോഴും വിശ്വാസമുണ്ട്’, സ്മിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘മത്സരത്തെ ഇത്തരത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചതിന് ഞാന്‍ ഖേദിക്കുന്നു. അഭിമാനിക്കാവുന്ന കാര്യമല്ല ചെയ്തത്, ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ശക്തമായി തിരിച്ചുവരാന്‍ ശ്രമിക്കും. എന്റേയും ടീമിന്റേയും നേതൃത്വത്തിന്റേയും സത്യസന്ധത ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്’, സ്മിത്ത് പറഞ്ഞു.
വിവാദങ്ങള്‍ കൊണ്ട് തലക്കെട്ടില്‍ ഇടം നേടിയ പരമ്പരയില്‍ മറ്റൊരു വിവാദത്തിന് തിരികൊളുത്തുകയായിരുന്നു ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്. പന്തില്‍ കൃത്രിമത്വം കാണിക്കുന്ന ബാന്‍ക്രോഫിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ഓസീസ് ടീം പ്രതിരോധത്തിലായത്.

ദക്ഷിണാഫ്രിക്കയ്ക്കായി എബി ഡിവില്യേഴ്‌സും എയ്ഡന്‍ മര്‍ക്ക്രമും ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. പോര്‍ട്ടീസ് താരങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ ഓസീസ് ടീം നന്നായി വെളളം കുടിക്കുന്ന സമയമായിരുന്നു അത്. ഇതിനിടെ മഞ്ഞ നിറത്തിലുള്ള ചിപ്പ് പോലുള്ള വസ്തുകൊണ്ട് ബാന്‍ക്രോഫ് പന്ത് ചുരണ്ടുകയായിരുന്നു.
എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായെന്ന് വ്യക്തമായതോടെ സബ്‌സ്റ്റിയൂട്ട് ഫീല്‍ഡറിലൂടെ ഓസീസ് ടീം അധികൃതര്‍ താരത്തിന് സന്ദേശം അയക്കുകയായിരുന്നു. പകരക്കാരനായെത്തിയ ഫീല്‍ഡര്‍ ബാന്‍ക്രോഫിന് അരികിലായിരുന്നു നിന്നത്. താരവുമായി സംസാരിച്ചതിന് പിന്നാലെ ബാന്‍ക്രോഫ് തന്റെ പോക്കറ്റില്‍ നിന്നും മഞ്ഞ വസ്തു എടുത്ത് പാന്റ്‌സിന് ഉള്ളിലേക്ക് ഇടുന്നതായി വീഡിയോയില്‍ കാണാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ