കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിയെത്താൻ ശ്രീശാന്തിന് ഇനിയും സാധ്യതയുണ്ടെന്ന് ടി.സി.മാത്യു. മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അഭിപ്രായം പറഞ്ഞത്. നാൽപ്പതാം വയസ്സിൽ ആശിഷ് നെഹ്റയ്‌ക്ക് ടീമിലേക്ക് തിരികെയെത്താൻ സാധിക്കുമെങ്കിൽ ശ്രീശാന്തിനും സാധിക്കാവുന്നതേ ഉള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീശാന്ത് ഇപ്പോഴും നല്ല ബൗളറാണ്. നല്ല രീതിയിൽ പരിശീലനം നടത്തുന്നുണ്ട്. രാഹുൽ ദ്രാവിഡ് അടക്കമുള്ളവർ ഇന്ത്യ കണ്ട മികച്ച ഔട്ട് സിംഗർ ബൗളറാണ് ശ്രീയെന്ന് തന്നോട് പറഞ്ഞിട്ടുണ്ട്. ബിസിസിഐയുടെ ഇടക്കാല ഭരണത്തലവൻ വിനോദ് റായിക്ക് ഇക്കാര്യം സംബന്ധിച്ച് ശ്രീശാന്ത് കത്തയക്കണമെന്നും അദ്ദേഹത്തിന് വേണ്ട എല്ലാ പിന്തുണയും കേരള ക്രിക്കറ്റ് അസോസിയേഷൻ നൽകുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

വിഡിയോ കടപ്പാട്: മനോരമ ന്യൂസ്

നാല് വർഷം മുൻപാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒത്തുകളിച്ചുവെന്ന ആരോപണത്തെ തുടർന്ന് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ഡൽഹി കോടതി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടും ശ്രീശാന്തിനെ സ്വീകരിക്കാൻ ബിസിസിഐ ഒരുക്കമായിരുന്നില്ല. ഏറ്റവുമൊടുവിൽ സ്കോട്ട്‌ലന്റ് പ്രീമിയർ ലീഗിൽ കളിക്കാൻ അനുമതി നേടി ശ്രീശാന്ത് ബിസിസിഐയ്ക്ക് അയച്ച കത്തും തള്ളിയിരുന്നു.

ശുഭാപ്‌തി വിശ്വാസം കൈവിടാതെ ടീമിലേക്ക് തിരികെയെത്താനുള്ള പരിശ്രമത്തിലാണ് ശ്രീശാന്ത്. മുടങ്ങാതെ പരിശീലനം തുടരുന്ന ശ്രീശാന്ത് തന്റെ മേലുള്ള കരിനിഴൽ മാറുമെന്ന് ഉറച്ചുവിശ്വസിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ