കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്രെ നാലാം പതിപ്പിന് ആവേശ്വോജ്വലമായ തുടക്കം. ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും
കത്രീന കൈഫും കൊച്ചിയിലെ ഫുട്ബോൾ ആരാധകർക്ക് നൃത്തങ്ങൾക്കൊണ്ട് ദൃശ്യ വിരുന്നാണ് ഒരുക്കിയത്.

കൃത്യം 6.30 നാണ് ഐഎസ്എല്ലിന്റെ നാലാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. കത്രീന കൈഫിന്റെ തകർപ്പൻ ചുവടുകളോടെയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായത്. ഷീലാ കി ജവാനി എന്ന ഹിറ്റ് ഗാനത്തിനൊപ്പമാണ് കത്രീന ചുവട്‌വെച്ചത്.

അടുത്തതായി ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ വേദി കീഴടക്കി. പ്രത്യേകം തയ്യാറാക്കിയ സൈക്കിളിൽ മൈതാനത്തെ വലംവെച്ചതിന് ശേഷമാണ് സൽമാൻ ഖാൻ മൈതാനത്തിന് നടുവിലേക്ക് എത്തിയത്. വൻ കരഘോഷത്തോടെയാണ് ആരാധകർ സൽമാൻ ഖാനെ സ്വീകരിച്ചത്. പിന്നാലെ സൽമാൻ ഖാനും കത്രീന കൈഫും ചേർന്നുള്ള ഒരു ഫ്യൂഷൻ ഡാൻസും അരങ്ങേറി.

ബോളിവുഡ് താരങ്ങൾക്കൊപ്പം മലയാളികളുടെ പ്രിയങ്കരനായ മമ്മൂട്ടിയും ഉദ്ഘാടന ചടങ്ങിന്റെ പ്രധാന വേദിയിൽ എത്തി. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ആശംസകൾ നേർന്നാണ് മമ്മൂട്ടി മടങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ