ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരേന്ദര്‍ സെവാഗും. പ്രത്യേകിച്ച് 2003 ലോകകപ്പ് കാലത്ത് ഇരുവരും എതിര്‍ ടീമുകള്‍കളെ പേടിപ്പെടുത്തുന്ന ഓപ്പണിങ് കൂട്ടുകെട്ടുകളായി മാറി. കളിക്കളത്തിന് പുറത്തും ഇരുവരും നല്ല സുഹൃത്തുക്കളാണ്.

സോഷ്യല്‍മീഡിയയില്‍ ഏറെ സജീവവും ശ്രദ്ധേയനുമായ ആളാണ് സെവാഗ്. എന്നും മറ്റുളളവര്‍ക്ക് പണി കൊടുക്കുന്നതില്‍ മിടുക്കനുമാണ്. നേരത്തെ യുവരാജ് സിങ്ങിനേയും ഹര്‍ഭജനേയും സച്ചിനേയും തുടങ്ങി ബോളിവുഡ് താരങ്ങളെ വരെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം ട്വിറ്ററില്‍ ട്രോള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സെവാഗിന്റെ ജന്മദിനത്തില്‍ ട്രോള്‍ ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാല്‍ സച്ചിന്‍.

‘വീരുവിന് ജന്മദിനാശംസകള്‍, പുതുവര്‍ഷത്തിന് നല്ല തുടക്കമാകട്ടേയെന്ന് ആശംസിക്കുന്നു. മൈതാനത്ത് ഞാന്‍ പറയുന്നതിന്റെ നേരെ എതിരാണ് നീ ചെയ്യാറുളളത്. അതുകൊണ്ട് എന്റെ വകയും ഒന്നിരിക്കട്ടെ’ എന്നാണ് സച്ചിന്‍ ട്വീറ്റ് ചെയ്തിട്ടുളളത്. ഇതില്‍ എന്താണ് രസമെന്ന് ചോദിച്ചാല്‍ വാചകത്തിലെ ഓരോ അക്ഷരങ്ങളും തലകുത്തനെയാണ് എഴുതിയിരിക്കുന്നത്, അതായത് ജന്മദിന സന്ദേശം വായിക്കണമെങ്കില്‍ സെവാഗ് തലകുത്തി നില്‍ക്കുകയോ ഫോണ്‍ തലകുത്തനെ പിടിക്കുകയോ വേണം.

ആക്രമണോത്സുക ബാറ്റിങ്ങില്‍ പേരുകേട്ട താരമാണ് വിരേന്ദര്‍ സെവാഗ്. ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം രണ്ട് ട്രിപ്പിള്‍ സെഞ്ചുറി അദ്ദേഹത്തിന്റെ പേരിലുണ്ട്. സെവാഗടക്കം ആകെ നാല് പേര്‍ മാത്രമാണ് ഒന്നില്‍ കൂടുതല്‍ ട്രിപ്പിള്‍ സെഞ്ചുറികള്‍ അടിച്ചിട്ടുളളത്. ബ്രയാന്‍ ലാറ, ക്രിസ് ഗെയില്‍, സര്‍ ഡോണ്‍ ബ്രാഡ്മാന്‍ എന്നിവരാണ് മറ്റുളളവര്‍. ഏകദിനത്തില്‍ സച്ചിന് ശേഷം ഇരട്ട സെഞ്ചുറി അടിച്ച താരം കൂടിയാണ് സെവാഗ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ