ശ്രീലങ്കയുടെ മണ്ണില്‍ ഇന്ത്യ കളിച്ചപ്പോള്‍ എല്ലാ ഫോര്‍മാറ്റിലും വിജയം ഇന്ത്യയ്ക്ക് ഒപ്പമായിരുന്നു. അന്ന് ടെസ്റ്റ്, ഏകദിനം, ട്വന്റി 20 പരമ്പരകള്‍ സ്വന്തമാക്കിയാണ് ഇന്ത്യ തിരികെ എത്തിയത്. പിന്നാലെ ഇന്ത്യന്‍ മണ്ണിലും ഇന്ത്യ വിജയം ആവര്‍ത്തിച്ചു. മൂന്ന് മത്സരങ്ങളുളള ടെസ്റ്റ് പരമ്പര 1-0 എന്ന സ്കോറിന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ ഒരു മത്സരത്തിലെ വിജയം ഇന്ത്യയ്ക്ക് പരമ്പര സമ്മാനിച്ചു.

അടുത്തതായി മൂന്ന് മത്സരങ്ങളുളള ഏകദിന പരമ്പരയ്ക്കാണ് ഇരുടീമുകളും കച്ചകെട്ടുന്നത്. മികച്ച ഫോമില്‍ തുടരുന്ന ഇന്ത്യയ്ക്ക് ലങ്കയെക്കെതിരെ സമ്പൂര്‍ണ വിജയം ആയിരിക്കുമെന്ന പ്രവചനങ്ങള്‍ക്കിടെയാണ് ലങ്കയുടെ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ റസല്‍ അര്‍ണോള്‍ഡിന്റെ സ്വരം വേറിട്ട് നില്‍ക്കുന്നത്. ‘മാസങ്ങള്‍ക്ക് മുമ്പ് നടന്നത് പോലെ ഏകദിനം 5-0ത്തിന് സ്വന്തമാക്കാന്‍ കഴിയില്ല’, എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

മൂന്ന് മത്സരങ്ങളാണ് മുന്നിലുളളതെന്ന് മനസ്സിലാക്കാതെയാണ് അര്‍ണോള്‍ഡ് 5-0ത്തിന് വിജയക്കില്ലെന്ന് ട്വീറ്റ് ചെയ്തത്. അര്‍ണോള്‍ഡിന് പറ്റിയ അമളി ഇന്ത്യന്‍ മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍ മുതലെടുത്തു. ‘തീര്‍ച്ചായും റസല്‍, മൂന്ന് മത്സരങ്ങളുളള പരമ്പരയില്‍ താങ്കള്‍ പറഞ്ഞത് പോലെ സംഭവിക്കില്ല’ എന്നായിരുന്നു ലക്ഷ്മണിന്റെ മറുപടി.

ഡിസംബര്‍ 10നാണ് ലങ്കയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിന മത്സരം. ഇത് കൂടാതെ മൂന്ന് മത്സരങ്ങളുളള ട്വന്റി 20 മത്സരങ്ങളും ഇരുടീമുകളും കളിക്കും. ഡിസംബര്‍ 20നാണ് ട്വന്റി 20 ആരംഭിക്കുക. നിലവില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഏറെ ആത്മവിശ്വാസത്തിലാണ്. എന്നാല്‍ ഇത്തവണ വിരാട് കോഹ്‌ലി ഇല്ലാതെയാണ് ഇന്ത്യ ലങ്കയ്ക്ക് എതിരെ ഇറങ്ങുന്നത്. വിരാടിന് വിശ്രമം അനുവദിച്ചത് ആണെങ്കിലും വിവാഹത്തിന് വേണ്ടിയാണ് അദ്ദേഹം വിട്ടുനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ