ഗുവാഹത്തി: രണ്ടാം ട്വന്റി-20 മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ ഓസ്ട്രേലിയൻ ടീമിന് നേരെ ആക്രമണം. മത്സരശേഷം ഓസീസ് ടീം സഞ്ചരിച്ച ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്. സ്റ്റേഡിയത്തിൽ നിന്ന് ഹോട്ടലിലേക്ക് പോകും വഴി താരങ്ങൾ സഞ്ചരിച്ച ബസിന് നേരെ അജ്ഞാതർ കല്ലെറിയുകയായിരുന്നു. ഓസീസ് ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അക്രമണ വാര്‍ത്ത പുറത്ത് വിട്ടത്.

‘ഹോട്ടലിലേക്ക് തിരിച്ചു പോകുന്നതിനിടെ സാമാന്യം വലിപ്പമുള്ള ഒരു കല്ല് ടീം ബസിന്റെ വിന്‍ഡോയ്ക്ക് നേരെ എറിയുകയായിരുന്നു’ എന്ന കുറിപ്പോടെ ബസിന്റെ തകര്‍ന്ന ചില്ലിന്റെ ചിത്രവും ഫിഞ്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഇതുവരെ ബിസിസിഐയോ, ഐസിസിഐയോ ക്രിക്കറ്റ് ഓസ്‌ട്രേലിയയോ പ്രതികരിച്ചിട്ടില്ല. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.

രണ്ടാം ട്വന്റി-20യിൽ ഇന്ത്യയെ 8 വിക്കറ്റിനാണ് ഓസീസ് തകർത്തത്. ഗുവാഹത്തി സ്റ്റേഡിയത്തിൽ നടന്ന ആദ്യ അന്താരാഷ്ട്ര ട്വന്റി-20 മത്സരമായിരുന്നു ഇന്നലത്തേത്. ആരാധകരുടെ പെരുമാറ്റം ഇന്ത്യക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ