മുംബൈ: ക്രിക്കറ്റ് പ്രേമികളൊക്കെ ആവേശത്തോടെ കാത്തിരിക്കുകയാണ് ഐപിഎല്‍ പൂരത്തിന് കൊടിയുയരാനായി. പണം വാരിയെറിഞ്ഞ ലേലത്തിനൊടുവില്‍ പ്രിയ താരങ്ങളെ ടീമിലെത്തിച്ച ടീമുകള്‍ അവസാനഘട്ട അണിയറ പ്രവര്‍ത്തനങ്ങളിലാണ്. ഇത്തവണ ലേലത്തില്‍ ഏറ്റവും കൂടുതല്‍ കാശ് ചെലവാക്കിയ ടീം കിങ്സ് ഇലവന്‍ പഞ്ചാബായിരുന്നു. പല പ്രമുഖരേയും പഞ്ചാബ് ടീമിലെത്തിച്ചിരുന്നു.

ലേലത്തിന് പിന്നാലെ ആരാധകരും ക്രിക്കറ്റ് ലോകവും ഉറ്റുനോക്കിയത് ടീമിനെ നയിക്കുക ആരായിരിക്കുമെന്നായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ നായകനെ പഞ്ചാബ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യന്‍ താരവും സ്‌പിന്‍ മാന്ത്രികനുമായ ആര്‍.അശ്വിനാണ് പഞാബിന്റെ നായകന്‍. ടീം മെന്റര്‍ വിരേന്ദര്‍ സെവാഗാണ് പ്രഖാപനം നടത്തിയത്.

നോര്‍ത്തിന്റെ പുതിയ രാജാവ് എന്ന ക്യാപ്ഷനോടെയാണ് അശ്വിനെ നായകനാക്കിയുള്ള പഞ്ചാബ് ടീമിന്റെ പ്രഖ്യാപനം.

ഇതോടെ കിങ്സ് ഇലവനെ നയിക്കുന്ന പത്താമത്തെ താരമായി അശ്വിന്‍ മാറുകയാണ്. ഗ്ലെന്‍ മാക്‌സ് വെല്‍, മുരളി വിജയ്, ഡേവിഡ് മില്ലര്‍, ജോര്‍ജ് ബെയ്‌ലി തുടങ്ങിയവരുടെ പട്ടികയിലാണ് ഇതോടെ അശ്വിന്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ലേലത്തില്‍ 7.6 കോടി രൂപയ്ക്കാണ് അശ്വിനെ പ്രീതി സിന്റ ടീമിലെത്തിച്ചത്.

‘ഒരു കാര്യം ഉറപ്പു പറയാം, ക്യാപ്റ്റനെന്ന നിലയില്‍ ഞാന്‍ ഒരിക്കലും പ്രവചനീയമായിരിക്കില്ല. ‘എന്നായിരുന്നു പുതിയ സ്ഥാനത്തെ കുറിച്ചുള്ള അശ്വിന്റെ പ്രതികരണം. അശ്വിന് പഞ്ചാബിനെ കിരീടത്തിലേക്ക് നയിക്കാന്‍ സാധിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

ഐപിഎല്ലില്‍ ചെന്നൈയുടെ പ്രധാന താരങ്ങളിലൊരാളായിരുന്നു അശ്വിന്‍. ചെന്നൈയ്ക്കായി 111 മൽസരങ്ങളില്‍ നിന്നും 100 വിക്കറ്റുകള്‍ അശ്വിന്‍ വീഴ്ത്തിയിട്ടുണ്ട്. 24.9 ആവറേജും 6.55 എക്കണോമിയുമുള്ള ബോളറായ അശ്വിന്‍ ബാറ്റു കൊണ്ടും കരുത്ത് തെളിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ