ലോകചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിന് മധുപ്രതികാരം ചെയ്ത് പി.യു ചിത്ര. ഏഷ്യൻ ഇൻഡോർ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിന്റെ 1500 മീറ്ററിൽ സ്വർണ്ണം നേടിയാണ് പി.യു ചിത്ര വിമർശകരെ നാണിപ്പിച്ചത്. 4 മിനുറ്റ് 27 സെക്കന്റ് എന്ന സമയത്തിലാണ് ചിത്ര ഫിനിഷിങ് വര തൊട്ടത്. ഒ.പി ജയ്ഷ, സിനിമോൾ പൗലോസ് എന്നിവർക്ക് ശേഷം ഏഷ്യൻ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടുന്ന താരമാണ് പി.യു ചിത്ര. കേരളത്തിനും പിന്തുണച്ചവർക്കും മെഡൽ നേട്ടം സമ്മാനിക്കുന്നുവെന്ന് പി.യു ചിത്ര പ്രതികരിച്ചു.

തുര്‍ക്‌മെനിസ്താനിലെ അഷ്ഗബതില്‍ നടന്ന ചാമ്പ്യൻഷിപ്പിലാണ് പി.യു ചിത്ര സുവർണ്ണ നേട്ടം കൊയ്തത്. ലോകചാമ്പ്യൻഷിപ്പിൽ നിന്ന് ഒഴിവാക്കിയതിന് ശേഷം ചിത്ര പങ്കെടുത്ത ആദ്യ പ്രധാന റെയിസാണ് ഇന്നത്തേത്. അതിൽത്തന്നെ സ്വർണ്ണം നേടാൻ കഴിയുക എന്നത് വലിയ നേട്ടമായാണ് വിദഗ്ദർ വിലയിരുത്തുന്നത്.

എന്നാൽ ഇന്ത്യയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ കാഴ്ചവെച്ച പ്രകടനം ആവർത്തിക്കാൻ ചിത്രയ്ക്ക് കഴിഞ്ഞിട്ടില്ല. കലിങ്ക സ്റ്റേഡിയത്തിൽ നടന്ന റേസിൽ 4 മിനുറ്റ് 17 സെക്കന്റിനാണ് പി.യു ചിത്ര ഫിനിഷ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ